
ഡിസൈനിങ്ങിലെ കാലാനുസൃതമായ മാറ്റങ്ങൾക്ക് നമ്മുടെ രാജ്യത്തെ കറൻസിയും നിരവധി തവണ വിധേയമായിട്ടുണ്ട്. നാണയങ്ങളും നോട്ടുകളും പല കാലങ്ങളിലും മാറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. 2007 -ലെ ഇന്ത്യൻ നാണയങ്ങളുടെ പുനർരൂപകൽപ്പന ഇതിന് ഒരു മികച്ച ഉദാഹരണമാണ്. അക്കങ്ങളിലും ചിഹ്നങ്ങളും മാത്രമായിരുന്നില്ല ആ നാണയത്തിൽ ഉണ്ടായിരുന്നത്, നമ്മുടെ ഏറ്റവും പഴയ നൃത്തരൂപങ്ങളിലൊന്നായ ഭരതനാട്യത്തിൽ നിന്നുള്ള കൈമുദ്രകൾ കൂടി അതിൽ ഉൾപ്പെടുത്തിയിരുന്നു. നാണയങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന ഓരോ മുദ്രയ്ക്കും ആഴത്തിലുള്ള സാംസ്കാരിക അർത്ഥതലങ്ങൾ ഉണ്ടായിരുന്നു. നാണയങ്ങളിൽ അവ ഉൾപ്പെടുത്തിയതോടെ നമ്മുടെ സമ്പന്നമായ പാരമ്പര്യത്തിലേക്കുള്ള ഒരു കണ്ണിയായി അവ മാറി. തമിഴ്നാട്ടിലെ ക്ഷേത്രപാരമ്പര്യങ്ങളിൽ വേരൂന്നിയ ഭരതനാട്യം താളവും ചലനവും മാത്രമല്ല – അത് വാക്കുകളില്ലാതെ പ്രേക്ഷകനോട് സംസാരിക്കുക കൂടി ചെയ്യുന്നുണ്ട്. ഈ നൃത്തരൂപത്തിൻ്റെ കാതൽ ഹസ്ത മുദ്രകളാണ്. ഈ മുദ്രകളാണ് ആളുകളോട് സംവദിക്കാൻ കലാകാരനെ സഹായിക്കുന്നത്. 2007 -ലാണ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (NID) ഡിസൈനർമാരുമായി സഹകരിച്ച് ഒരു പുതിയ നാണയ പരമ്പര പുറത്തിറക്കിയത്. സാധാരണ ഡിസൈനുകൾ ഉപയോഗിക്കുന്നതിനുപകരം, വ്യത്യസ്ത നാണയ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതിനായി ഭരതനാട്യത്തിൽ നിന്നുള്ള മൂന്ന് ഹസ്ത മുദ്രകൾ അവതരിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. നാണയങ്ങളെ കാഴ്ചയിൽ വേറിട്ട് നിർത്തുക മാത്രമായിരുന്നില്ല ഈ തീരുമാനത്തിന് പിന്നിൽ. കാഴ്ചവൈകല്യമുള്ളവർക്കും ഇംഗ്ലീഷ് അല്ലെങ്കിൽ സംഖ്യാസമ്പ്രദായങ്ങൾ പരിചയമില്ലാത്തവർക്കും വേണ്ടി കൂടിയായിരുന്നു ഈ തീരുമാനം. നാണയത്തിലെ മുദ്രകൾ പരിശോധിക്കുന്നതിലൂടെ അതിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുകയായിരുന്നു ഉദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് പുറത്തിറക്കിയ 50 പൈസ നാണയങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത് മുഷ്ടി മുദ്രയായിരുന്നു. തള്ളവിരൽ മുകളിലേക്ക് ചൂണ്ടുന്ന ശിഖര മുദ്രയായിരുന്നു ഒരു രൂപ നാണയത്തിൽ. അതേസമയം രണ്ടുരൂപ നാണയത്തിലാകട്ടെ കർത്തരിമുഖമുദ്രയും ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്. നിലവിലുള്ള നാണയങ്ങളിൽ പുതുക്കിയ ഡിസൈനുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭരതനാട്യ മുദ്ര പരമ്പര ഇപ്പോഴും നിലവിലുണ്ട്. ഈ നാണയങ്ങൾ ഇപ്പോൾ വ്യാപകമായി ഉപയോഗത്തിൽ ഇല്ല എന്ന് മാത്രം.
