റോഡിൽ അലഞ്ഞുതിരിഞ്ഞ പശുവിനെ കാറിടിച്ചു; യുപിയിൽ ഡോക്ടർക്ക് ക്രൂരമർദനം; വാഹനം അടിച്ചു തകർത്തു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബദൗനില്‍ പശുവിനെ കാറിടിച്ചതിന് പിന്നാലെ 36കാരനായ സർക്കാർ ഡോക്ടറെ കാറിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ പശു പിന്നീട് ചികിത്സയിലിരിക്കെ ചത്തു. ഉസാവാനിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ആയി സേവനമനുഷ്ഠിക്കുന്ന ഡോ. രാഹുൽ സിദ്ധാർത്ഥിനാണ് (36) മർദനമേറ്റത്. ചൊവ്വാഴ്ച ഉസാവാനിൽ നിന്ന് ബദൗന്‍ മാർക്കറ്റിലേക്ക് തന്റെ മഹീന്ദ്ര സ്കോർപിയോ കാറിൽ പോകവേയാണ് സംഭവം നടന്നത്. മ്യാവോൺ പ്രദേശത്ത് വെച്ച് ഡോക്ടറുടെ വാഹനം റോഡില്‍ അലഞ്ഞുനടക്കുകയായിരുന്ന പശുവില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ പശു വാഹനത്തിന് മുന്നില്‍ വീണതിനാൽ ഡോക്ടർക്ക് കാറിൽ നിന്ന് മാറാൻ സാധിച്ചില്ല. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ പ്രകോപിതരാവുകയും ഡോക്ടറെ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയുമായിരുന്നു. ഇരുകൈകളും കൂപ്പി മാപ്പപേക്ഷിച്ചിട്ടും അക്രമികൾ മർദനം തുടർന്നു. കൂടാതെ കല്ലുകളും വടികളും ഉപയോഗിച്ച് വാഹനം തകർക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് ഡോക്ടറെ അക്രമികളിൽ നിന്ന് രക്ഷപെടുത്തിയത്. തുടർന്ന് പരിക്കേറ്റ പശുവിനെ സമീപത്തെ ഗൗശാലയിലേക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം, കലാപശ്രമം, അക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെയും മറ്റ് നിരവധി പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ നാല് പ്രതികളും ബിച്ച്പുരി ഗ്രാമവാസികളാണെന്നും കൂലിപ്പണിക്കാരാണെന്നും അലാപൂർ പൊലീസ് സ്റ്റേഷൻ എസ്‌.എച്ച്.ഒ മാധവ് സിംഗ് ബിഷ്ത് അറിയിച്ചു. ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button