കരിയറില്‍ ആ നേട്ടം വീണ്ടും; 11 ല്‍ നാലും മോഹന്‍ലാല്‍ സിനിമകൾ,ബോക്സ് ഓഫീസില്‍ വിസ്മയിപ്പിച്ച് ‘തുടരും

‘
മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടുന്ന ചിത്രമായി തുടരും മാറിയിരുന്നു. ഈ മാസം 25 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകള്‍ക്കിപ്പുറം വലിയ പ്രേക്ഷകാഭിപ്രായങ്ങളിലേക്കാണ് നീങ്ങിയത്. അത് ബോക്സ് ഓഫീസിലും പെട്ടെന്നുതന്നെ പ്രതിഫലിച്ചു. മോഹന്‍ലാലിന്റെ തന്നെ ഒരു മാസം മുന്‍പ് എത്തിയ റിലീസ് എമ്പുരാന്റെ അത്രയും പ്രീ റിലീസ് ഹൈപ്പോടെ അല്ലാതെ എത്തിയ ചിത്രം പക്ഷേ അതിനേക്കാള്‍ പല മടങ്ങ് മൌത്ത് പബ്ലിസിറ്റി നേടി. തുടര്‍ ദിനങ്ങളില്‍ ബോക്സ് ഓഫീസില്‍ കുതിച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ഇതിലൂടെ ഒരു നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് ചിത്രം, ഒപ്പം മോഹന്‍ലാലും. തിയറ്ററുകളില്‍ എത്തിയതിന്റെ നാലാം ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ് ചിത്രം. മോഹന്‍ലാലിന്റെ 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ഇത്. മലയാള സിനിമയെ സംബന്ധിച്ച് ഈ ക്ലബ്ബില്‍ എത്തുന്ന 11-ാം ചിത്രവും. മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബ് തുറന്നത് പുലിമുരുകനിലൂടെ മോഹന്‍ലാല്‍ ആയിരുന്നു. പിന്നീട് ലൂസിഫര്‍, അതിന്റെ സീക്വല്‍ ആയി കഴിഞ്ഞ മാസം റിലീസ് ചെയ്യപ്പെട്ട എമ്പുരാന് എന്നിവയും 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. എമ്പുരാന്റെ ലൈഫ് ടൈം ഗ്ലോബല്‍ ഗ്രോസ് 260 കോടി കടന്നിരുന്നു. ഒരു മാസത്തിനിപ്പുറമാണ് കരിയറിലെ അടുത്ത 100 കോടി ക്ലബ്ബ് നേട്ടം മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ഒരു താരത്തിനും ലഭിക്കാത്ത നേട്ടമാണ് ഇത്. അതേസമയം പ്രവര്‍ത്തി ദിനങ്ങളില്‍ പോലും റെക്കോര്‍ഡ് ഒക്കുപ്പന്‍സിയും വമ്പന്‍ കളക്ഷനുമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനാല്‍ത്തന്നെ ഫൈനല്‍ ഗ്രോസ് സംബന്ധിച്ച് ഇപ്പോള്‍ പ്രവചനങ്ങളൊന്നും സാധ്യമല്ലാത്ത അവസ്ഥയാണ്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി ഒന്നിച്ച ചിത്രമെന്ന കൗതുകവും തുടരുമിന് മേല്‍ പ്രേക്ഷകര്‍ക്ക് ഉണ്ട്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്.
