NationalSpot light

പാകിസ്ഥാന്‍റെ ഹൈബ്രിഡ് യുദ്ധ തന്ത്രം, ഇന്ത്യൻ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറാൻ ശ്രമം; തകർത്ത് ഇന്ത്യൻ ഏജൻസികൾ

ദില്ലി: തീവ്രവാദ പ്രവർത്തനങ്ങളുടെ തുടർച്ചയായി, ഇന്ത്യൻ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറാൻ പാകിസ്ഥാൻ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പുകളുടെ ശ്രമം. ഈ ഹാക്കിംഗ് ശ്രമങ്ങൾ ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസികൾ വേഗത്തിൽ കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്തു. ‘സൈബർ ഗ്രൂപ്പ് HOAX1337’, ‘നാഷണൽ സൈബർ ക്രൂ’ എന്നിവയുൾപ്പെടെയുള്ള ഹാക്കർ ഗ്രൂപ്പുകൾ ജമ്മുവിലെ ആർമി പബ്ലിക് സ്കൂളുകളുടെ വെബ്സൈറ്റുകളെയാണ് ലക്ഷ്യമിട്ടത്. അടുത്ത കാലത്ത് നടന്ന പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളെ പരിഹസിക്കുന്ന സന്ദേശങ്ങൾ ഉപയോഗിച്ച് വെബ്സൈറ്റുകൾ വികൃതമാക്കാനായിരുന്നു ഹാക്കര്‍മാരുടെ ശ്രമം. വിമുക്ത ഭടന്മാർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്ന ഒരു വെബ്സൈറ്റ് വികൃതമാക്കാൻ മറ്റൊരു ശ്രമവും നടന്നു. ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്‍റ്, ഇന്ത്യൻ എയർഫോഴ്സ് വെറ്ററൻസ് എന്നിവയുടെ വെബ്സൈറ്റുകളും ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. സൈന്യവുമായി ബന്ധപ്പെട്ട ഡൊമെയ്‌നുകൾക്ക് പുറമെ കുട്ടികൾ, പ്രായമായ വിമുക്ത ഭടന്മാർ, സാധാരണക്കാർ എന്നിവരുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറാൻ പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാക്കർമാർ ആവർത്തിച്ച് ശ്രമിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹാക്കർ ഗ്രൂപ്പുകൾ ഇന്ത്യൻ സിസ്റ്റങ്ങളിൽ 10 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ നടത്തിയതായി  മഹാരാഷ്ട്ര സൈബർ ഡിപ്പാർട്ട്‌മെന്‍റ്  രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംസ്ഥാന പൊലീസിന്‍റെ സൈബർ ക്രൈം ഡിറ്റക്ഷൻ വിഭാഗമായ മഹാരാഷ്ട്ര സൈബർ, കശ്മീർ ഭീകരാക്രമണത്തിന് ശേഷം ഡിജിറ്റൽ ആക്രമണങ്ങളിൽ ഗണ്യമായ വർധനവ് നിരീക്ഷിച്ചിട്ടുണ്ട്. ഈ സൈബർ ആക്രമണങ്ങൾ ഡിജിറ്റൽ രംഗത്ത് സംഘർഷം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രചാരണത്തിന്റെ ഭാഗമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. പാകിസ്ഥാന്‍റെ വിശാലമായ ഹൈബ്രിഡ് യുദ്ധ തന്ത്രത്തിന്റെ ഭാഗമായാണ് ഇവ വിലയിരുത്തപ്പെടുന്നത്. പാകിസ്ഥാനെ കൂടാതെ, മിഡിൽ ഈസ്റ്റ്, ഇന്തോനേഷ്യ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button