Sports

ത്രില്ലർ പോരാട്ടം, ലാസ്റ്റ് ബോളിൽ ജയിച്ചുകയറി ആര്‍സിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തകര്‍പ്പൻ ജയം. 214 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 2 റൺസിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. അവസാന പന്തിൽ 4 റൺസ് വിജയിക്കാൻ വേണ്ടിയിരുന്നെങ്കിലും ബൗണ്ടറി കണ്ടെത്താൻ ശിവം ദുബെയ്ക്ക് കഴിഞ്ഞില്ല. ചെന്നൈയ്ക്ക് വേണ്ടി 94 റൺസ് നേടിയ 17കാരൻ ആയുഷ് മഹ്ത്രെയുടെയും 77 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയുടെയും പോരാട്ടം പാഴായി.  പവര്‍ പ്ലേയിൽ ഭേദപ്പെട്ട തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ആയുഷ് മഹ്ത്രെയും ഷെയ്ക് റഷീദും ചേര്‍ന്ന് പവര്‍ പ്ലേയ്ക്ക് മുമ്പ് തന്നെ ടീം സ്കോര്‍ 50 എത്തിച്ചു. 4-ാം ഓവറിൽ ഭുവനേശ്വര്‍ കുമാറിനെതിരെ 17കാരനായ ആയുഷ് മഹ്ത്രെ 5 ബൗണ്ടറികളും ഒരു സിക്സറും സഹിതം 26 റൺസാണ് അടിച്ചെടുത്തത്. 4.1 ഓവറിൽ ടീം സ്കോര്‍ 50 കടന്നു. എന്നാൽ, പവര്‍ പ്ലേ അവസാനിക്കും മുമ്പ് റഷീദിനെയും സാം കറനെയും ചെന്നൈയ്ക്ക് നഷ്ടമായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച മഹ്ത്രെ – ജഡേജ സഖ്യം മികച്ച രീതിയിൽ ചെന്നൈയു‍ടെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയി.  മഹ്ത്രെയ്ക്ക് പിന്തുണയുമായി ജഡേജ കൂടി സ്കോറിംഗിന് വേഗം കൂട്ടിയതോടെ ആര്‍സിബി ബൗളര്‍മാര്‍ വിയര്‍ത്തു. 9-ാം ഓവറിൽ മഹ്ത്രെ അര്‍ദ്ധ സെഞ്ച്വറി തികച്ചു. 25 പന്തുകളിൽ നിന്നായിരുന്നു മഹ്ത്രെയുടെ നേട്ടം. ഇതിന് പിന്നാലെ 9.4 ഓവറിൽ ചെന്നൈയുടെ സ്കോര്‍ 100ഉം 14 ഓവറിൽ 150ഉം കടന്നു. 29 പന്തുകളിൽ നിന്ന് ജഡേജ അര്‍ദ്ധ സെഞ്ച്വറി നേടി. 15 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ചെന്നൈയുടെ സ്കോര്‍ 2ന് 160. ജയിക്കാൻ വേണ്ടിയിരുന്നത് 30 പന്തിൽ 54 റൺസ്. 16-ാം ഓവറിൽ വ്യക്തിഗത സ്കോര്‍ 93ൽ നിൽക്കെ മഹ്ത്രെയുടെ ക്യാച്ച് രജത് പാട്ടീദാറും 56 റൺസിൽ നിൽക്കുകയായിരുന്ന ജഡേജയുടെ ക്യാച്ച് ലുൻഗി എൻഗിഡിയും പാഴാക്കി.  17-ാം ഓവറിന്റെ രണ്ടാം പന്തിൽ ആയുഷ് മാഹ്ത്രെയെ എൻഗിഡി മടക്കിയയച്ചു. തൊട്ടടുത്ത പന്തിൽ ഡെവാൾഡ് ബ്രെവിസിനെയും എൻഗിഡി പുറത്താക്കിയതോടെ ധോണി ക്രീസിലെത്തി. മൂന്ന് ഓവറിൽ 35 റൺസ് വിജയലക്ഷ്യത്തിലേയ്ക്ക് ചെന്നൈ എത്തുമോ എന്നതായിരുന്നു പിന്നീടുള്ള ആകാംക്ഷ. 2 ഓവറിൽ 20 റൺസ് കൂടി നേടാൻ ധോണി – ജഡേജ സഖ്യത്തിന് കഴിഞ്ഞതോടെ അവസാന ഓവറിൽ ചെന്നൈയ്ക്ക് ജയിക്കാൻ 15 റൺസ്. മൂന്നാമത്തെ പന്തിൽ ധോണിയെ വിക്കറ്റിന് മുന്നിൽ കുരുക്കി യാഷ് ദയാൽ മത്സരം ആര്‍സിബിയ്ക്ക് അനുകൂലമാക്കി. ഇതിനിടെ നോ ബോൾ സിക്സറിന് പറത്തിയ ദുബെ ചെന്നൈയ്ക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ, ഫ്രീ ഹിറ്റ് മുതലാക്കാൻ ദുബെയ്ക്ക് കഴിഞ്ഞില്ല. അവസാന പന്തിൽ 4 റൺസ് ജയിക്കാൻ വേണ്ടിയിരുന്നെങ്കിലും ശിവം ദുബെയ്ക്ക് ബൗണ്ടറി കണ്ടെത്താനാകാതെ പോയതോടെ സ്വന്തം കാണികൾക്ക് മുന്നിൽ ആര്‍സിബി വിജയക്കൊടി പാറിച്ചു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button