National

പാക് ഭീകരരെ തകര്‍ത്ത ഇന്ത്യയുടെ വജ്രായുധം! എന്താണ് സ്‌കാള്‍പ് മിസൈലുകൾ? അറിയാം വിശദമായി

ദില്ലി: പാകിസ്ഥാന്റെ ആയുധശേഷിയെ കുറിച്ച് സംശയങ്ങൾ ലോകത്തിന് മുന്നിൽ ഉയർത്തുന്നതായിരുന്നു ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍. അതേസമയം, ആയുധശേഖരത്തില്‍ സമ്പന്നമായ ഇന്ത്യയുടെ പക്കല്‍ ശക്തിയേറിയ നിരവധി മിസൈലുകളുണ്ടെന്ന് തെളിയിക്കുകയും ചെയ്തു. ഇതില്‍ വിദേശ നിര്‍മിതമായ സ്കാള്‍പ് മിസൈലാണ് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ വര്‍ഷിച്ചത്. അതിനായി ഉപയോഗിച്ചതാവട്ടെ റഫാല്‍ വിമാനങ്ങളും. ബ്രിട്ടീഷ് എയറോസ്പേസും ഫ്രഞ്ച് കമ്പനിയായ മാത്രയും ചേർന്നാണ് സ്കാൾപ് മിസൈൽ വികസിപ്പിച്ചത്. ബ്രിട്ടീഷുകാർ ഇതിനെ സ്റ്റോം ഷാഡോ എന്നും ഫ്രാൻസിൽ സ്കാൾപ്പ് ഇജി എന്നും വിളിക്കുന്നു. ഏകദേശം 1300 കിലോഗ്രാം ഭാരം. 48 സെന്റീ മീറ്റർ വ്യാസമുള്ള ബോഡി. 304 സെന്റീമീറ്റർ വലിപ്പമുള്ള ചിറകുകള്‍. 250 കിലോമീറ്റർ ദൂരത്തുള്ള ലക്ഷ്യം ഭേദിക്കാൻ സ്കാൾപിന് ഇതൊക്കെത്തന്നെ ധാരാളം. 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് വേണ്ടി 2016 ൽ ഇന്ത്യ ഫ്രാൻസുമായി ഒപ്പുവെച്ച കരാറിൽ സ്കാൾപ്പ് മിസൈലുകൾ ഉൾപ്പെടുന്ന ആയുധ പാക്കേജും ഉണ്ടായിരുന്നു. വ്യോമസേനയുടെ കൈവശമുള്ള ഓരോ റഫാൽ യുദ്ധവിമാനങ്ങൾക്കും രണ്ട് സ്കാൾപ്പ് മിസൈലുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. ഇതൊരു ഫയർ ആന്റ് ഫൊർഗെറ്റ് മിസൈലാണ്. അതായത് ഒരു ലക്ഷ്യസ്ഥാനത്തേക്ക് മിസൈൽ വിക്ഷേപിച്ച് കഴിഞ്ഞാൽ പിന്നീട് അതിനെ നിയന്ത്രിക്കാനോ അതിനെ സ്വയം നശിപ്പിക്കുവാനോ ലക്ഷ്യസ്ഥാനങ്ങൾ മാറ്റാനോ സാധിക്കില്ല. ജിപിഎസും ഭൂപ്രദേശത്തിന്റെ മാപ്പും അടിസ്ഥാനമാക്കിയാണ് സ്കാൾപ്പ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക. ലക്ഷ്യസ്ഥാനത്തോടടുക്കുമ്പോള്‍ മിസൈലിലെ ഇൻഫ്രാറെഡ് ക്യാമറ പ്രവർത്തിക്കുകയും ലക്ഷ്യസ്ഥാനം കൃത്യമായി തിരിച്ചറിയുകയും അത് തകർക്കുകയും ചെയ്യും. 2003 ലെ ഇറാഖ് യുദ്ധത്തിലും 2011 ലെ ലിബിയൻ ആഭ്യന്തര യുദ്ധത്തിലെ സൈനിക ഇടപെടലിലും ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഓപ്പറേഷന്‍ സിന്ദൂറിലും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button