NationalSpot light

കൊടും ഭീകരൻ സജ്ജാദ് ​ഗുൽ കേരളത്തിലും പഠിച്ചു; ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ച് ഭീകരവാദികൾക്ക് സഹായം നൽകി

ദില്ലി: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഷെയ്ഖ് സജ്ജാദ് ഗുൽ കേരളത്തിലും കർണാടകത്തിലും പഠിച്ചതായി റിപ്പോർട്ട്. കശ്മീരിലെ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) പ്രോക്സിയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിൽ (ടിആർഎഫ്) ചേരുന്നതിന് മുമ്പാണ് ഇയാൾ കേരളത്തിലും കർണാടകയിലും എത്തിയത്.  ശ്രീനഗറിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ബെം​ഗളൂരുവിൽ എംബിഎ നേടി. പിന്നീട് കേരളത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്‌സ് പഠിച്ചു. കശ്മീരിലേക്ക് മടങ്ങിയ ശേഷം, ഡയഗ്നോസ്റ്റിക് ലാബ് സ്ഥാപിക്കുകയും തീവ്രവാദ ഗ്രൂപ്പിന് ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്നതിനായി ഉപയോഗിക്കുകയും ചെയ്തു.  സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഗുൽ, പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ ലഷ്കർ ഇ തൊയ്ബയുടെ സംരക്ഷണയിൽ ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. 2020 മുതൽ 2024 വരെ മധ്യ, ദക്ഷിണ കശ്മീരുകളിൽ നടന്ന കൊലപാതകങ്ങൾ, 2023 ൽ മധ്യ കശ്മീരിൽ നടന്ന ഗ്രനേഡ് ആക്രമണങ്ങൾ, ബിജ്ബെഹ്ര, ഗഗാംഗീർ, ഗണ്ടർബാലിലെ ഇസഡ്-മോർ ടണൽ എന്നിവിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായആക്രമണങ്ങൾ എന്നിവയുൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകര പ്രവർത്തനങ്ങളുമായി അയാൾക്ക് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ.  2022 ഏപ്രിലിൽ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) തീവ്രവാദിയായി പ്രഖ്യാപിച്ച ഗുലിന് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതിൽ ഇയാളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിരിക്കുന്നു. കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ടിആർഎഫ് ഇയാളുടെ ഉത്തരവുകൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് കരുതപ്പെടുന്നു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ ചാരനാണെന്നും പറയുന്നു. ലഷ്‌കർ ഇ തൊയ്ബയുടെ കശ്മീരി പ്രധാനിയായി പ്രവർത്തിച്ചു. ദില്ലി പൊലീസിന്റെ സ്പെഷ്യൽ സെൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് 5 കിലോ ആർഡിഎക്സുമായി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാനത്ത് ആസൂത്രിതമായ നിരവധി ബോംബാക്രമണങ്ങൾക്കായി ​ഗൂഢാലോചന നടത്തി. 2003-ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം തടവിന് ശിക്ഷിച്ചു. 2017-ൽ മോചിതനായ ശേഷം ഗുൽ പാകിസ്ഥാനിലേക്ക് താമസം മാറി. 2019-ൽ ടിആർഎഫിനെ നയിക്കാൻ ഐഎസ്ഐ അദ്ദേഹത്തെ നിയമിച്ചു.  ഗുല്ലിന്റെ കുടുംബത്തിന് തീവ്രവാദ ബന്ധത്തിന്റെ ചരിത്രമുണ്ട്. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലെ മുൻ ഡോക്ടറായിരുന്ന അദ്ദേഹത്തിന്റെ സഹോദരൻ 1990 കളിൽ ഒരു തീവ്രവാദിയായിരുന്നു. സൗദി അറേബ്യയിലേക്കും പിന്നീട് പാകിസ്ഥാനിലേക്കും പലായനം ചെയ്ത ശേഷം, ഇപ്പോൾ ഗൾഫിൽ ഭീകരവാദ ധനസഹായത്തിൽ ഏർപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button