സ്വന്തമായി കറൻസി, പാസ്പോർട്ട്, ദേശീയ പതാക; പക്ഷേ താമസക്കാർ വെറും 27 പേർ, അതും രണ്ട് തൂണിൽ മാത്രം സ്ഥിതി ചെയ്യുന്ന രാജ്യവും

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം പലപ്പോഴും വത്തിക്കാൻ സിറ്റിയാണ്. എന്നാൽ, സാധാരണ പറയുന്ന കുഞ്ഞൻ രാജ്യങ്ങളുടെ പേരുകൾക്കപ്പുറം അസാധാരണമാം വിധം വലിപ്പം കുറഞ്ഞതും വിരലിലെണ്ണാവുന്ന ജനസംഖ്യ മാത്രം ഉള്ളതുമായ ഒരു ഇടമുണ്ട്. ഇംഗ്ലണ്ടിനടുത്തുള്ള സ്വയം പ്രഖ്യാപിത മൈക്രോനേഷനായ സീലാൻഡ് ആണ് കൗതുകങ്ങൾ ഏറെ ഒളിപ്പിച്ചു വെച്ചിട്ടുള്ള ആ കൊച്ചു രാജ്യം. ഈ രാജ്യത്തെ ജനസംഖ്യ വെറും 27 ആണ്. ഇംഗ്ലീഷ് ആണ് ഇവിടുത്തെ ഭാഷ. സിഗ്ലാൻഡ് ഡോളർ ആണ് കറൻസി. പ്രാദേശികമായി മാത്രം ഉപയോഗിക്കാവുന്ന ഒരു കറൻസിയാണിത്. അന്താരാഷ്ട്രതലത്തിൽ ഈ കറൻസി അംഗീകരിക്കപ്പെട്ടിട്ടില്ല. രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ സേനയെ പ്രതിരോധിക്കാൻ ബ്രിട്ടീഷ് സൈന്യം നിർമ്മിച്ച ഒരു തുറമുഖമായിരുന്നു സീലാൻഡ്. യുദ്ധത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട ഇവിടത്തിന്, 1967 സെപ്റ്റംബർ 2 -ന് ബ്രിട്ടീഷ് പൗരനായ മേജർ പാഡി റോയ് ബേറ്റ്സും കുടുംബവും അവകാശം സ്ഥാപിക്കുകയും ഇത് ഒരു സ്വതന്ത്ര മൈക്രോനേഷൻ ആയി പ്രഖ്യാപിക്കുകയും ചെയ്തു. വർഷങ്ങളായി, വിവിധ വ്യക്തികൾ സീലാൻഡ് ഭരിച്ചു, 2012 ഒക്ടോബർ 9 -ന് റോയ് ബേറ്റ്സിനെ രാജാവായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകൻ മൈക്കൽ ഭരണാധികാരിയായി. മറ്റൊരു രാജ്യവും സീലാൻഡിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, ഒരു മൈക്രോനേഷൻ എന്ന പദവി ഇപ്പോഴും നിലനിൽക്കുന്നു. രാജ്യത്തിന് സ്വന്തമായി പതാക, ക്യാപ്പിറ്റൽ, പാസ്‌പോർട്ട്, കറൻസി, ഭരണാധികാരികൾ എന്നിവയുണ്ട്. ആകെ 0.004 ചതുരശ്ര കിലോമീറ്റർ (0.0015 ചതുരശ്ര മൈൽ) വിസ്തീർണ്ണമാണ് ഉള്ളത്.
