രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ദയനീയ പരാജയം, സ്ഥാനാർഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട് മാത്രം

ജയ്പൂർ: രാജസ്ഥാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട് മാത്രം. ദിദ്വാന-കുച്ചാമൻ ജില്ലയിലെ പർബത്സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി കൈലാഷ് ചന്ദിനാണ് ദയനീയ പരാജയം നേരിടേണ്ടി വന്നത്.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, വാർഡിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി ഹിനാ ഖാനം 376 വോട്ടുകൾ നേടി. ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച റഷീദ് ഖാന് 195 വോട്ടുകൾ ലഭിച്ചപ്പോഴാണ് ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് ഒരൊറ്റ വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.തനിക്ക് സ്വന്തമായി ആ വാർഡിൽ വോട്ടില്ലാത്തതാണ് ഇത്തരം ഒരു ഫലത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് കൈലാഷ് ചന്ദിന്റെ പ്രതികരണം. താൻ പന്ത്രണ്ടാം വാർഡിലെ വോട്ടറാണെന്നും എന്നാൽ പാർട്ടി തന്നെ അയൽ വാർഡായ പതിമൂന്നിൽ മത്സരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.”എനിക്ക് ആകെ ഒരു വോട്ടാണ് ലഭിച്ചത്. എന്റെ വോട്ട് പന്ത്രണ്ടാം വാർഡിലാണ്. എന്നെ പാർട്ടി പതിമൂന്നാം വാർഡിലാണ് നിർത്തിയത്. ആ വാർഡിൽ നിന്നുള്ള ആരോ ഒരാളാണ് എനിക്ക് ആ വോട്ട് ചെയ്തത്”- കൈലാഷ് ചന്ദ് വ്യക്തമാക്കി.25 വാർഡുകളുള്ള പർബത്സർ മുനിസിപ്പാലിറ്റിയിൽ 13 സീറ്റുകൾ നേടി കോൺഗ്രസ് കേവല ഭൂരിപക്ഷം സ്വന്തമാക്കിയപ്പോൾ, 12 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. നഗരസഭയിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും, സ്വന്തം സ്ഥാനാർഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. രാജസ്ഥാനിലെ 309 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പതിനായിരത്തിലധികം കൗൺസിലർ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് ഈ കൗതുകകരമായ ഫലം പുറത്തുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button