കടയില്‍ ഭക്ഷണം എത്തിക്കാന്‍ വൈകി: ഭാര്യയെ ഇരുമ്പ് വടികൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു; അരിശം തീരാതെ ആശുപത്രിയിലെത്തി കുത്തിക്കൊലപ്പെടുത്തി

ചെന്നൈ |  തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.തിരുച്ചിറപ്പള്ളി ധീരന്‍നഗര്‍ സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സമ്പത്ത് കുമാറിനെ ഉറയൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.പാന്‍ കട നടത്തുന്നയാളാണ് സമ്പത്ത് കുമാര്‍. എല്ലാ ദിവസവും ഭാര്യ കവിതയാണ് ഉച്ചയ്ക്ക് ഭക്ഷണം കൊണ്ടുപോയി നല്‍കുന്നത്.
ഇന്നലെ ഭക്ഷണം എത്തിക്കാന്‍ വൈകി. ഇത് ചോദിക്കാന്‍ വീട്ടിലെത്തിയ സമ്പത്ത് ഭാര്യയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു ക്രൂരമായി മര്‍ദിച്ചു. ശേഷം കവിതയുടെ വീട്ടില്‍ വിളിച്ച് വിവരം അറിയിച്ചു. ഒടുവില്‍ വീട്ടുകാര്‍ എത്തിയാണ് കവിതയെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് ഭര്‍ത്താവ് സമ്പത്ത് രാത്രിയില്‍ ആശുപത്രിയിലേത്തി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും ചേര്‍ന്നാണ് പ്രതിയെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button