കൊച്ചി വിമാനത്താവളത്തിലെ സോളാർ പാനലിൽ നിന്ന് ചെമ്പ് മോഷണം; മൂന്ന് പേർ പിടിയിൽ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ പാനലുകളിൽനിന്ന് ചെമ്പ് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാനക്കാരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. അസം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ (26), ബ്രദക് സ്വദേശി ഗണേഷ് കുമാർ (36), പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ഖ് (26) എന്നിവരാണ് അറസ്റ്റിലായത്. നെടുമ്പാശേരി എസ്.ഐ. അരുൺ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി ആവണംകോട് റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷണവിവരം പുറത്തായത്. ചോദ്യം ചെയ്യലിലാണ് വിമാനത്താവളത്തിലെ സോളാർ പാനലുകളിൽനിന്ന് ചെമ്പ് മോഷ്ടിച്ച വിവരം പൊലീസിന് ലഭിച്ചത്.
സോളാർ പാനലുകളിൽനിന്ന് ചെമ്പ് മോഷണം പോകുന്നതായി ചൂണ്ടിക്കാട്ടി സിയാൽ അധികൃതർ നേരത്തെ നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികൾ പിടിയിലായത്.





