ബാറിലെ തർക്കം റോഡിലേക്ക്; സ്കൂട്ടറിൽ കാറിടിപ്പിച്ച് പ്രതികാരം, പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: ബാറിലെ തർക്കത്തിന് പിന്നാലെ ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തി. തമിഴ്നാട് വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥി യുവതിയായ യാൻസി(18)യാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 17കാരിക്ക് പരിക്കേറ്റു. സംഭവത്തിൽ ബാലമുരുകൻ(21), ജോഷ്വാ(19), കിഷോർകുമാർ(19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഒരു സ്വകാര്യ ബാറിൽ യാൻസിയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിനിടെ മറ്റൊരു സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് പിന്നീട് തെരുവിലേക്ക് നീണ്ടത്. തർക്കം രൂക്ഷമായപ്പോൾ തന്നെ ബൗൺസർമാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചതായിരുന്നു. എന്നാൽ, ബാറിൽനിന്ന് പുറത്തിറങ്ങിയശേഷം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യാൻസിയും സുഹൃത്തും സംഘർഷത്തിൽ ഏർപ്പെട്ട യുവാക്കളുടെ കാർ കാണുകയും അതിന് നേരേ കല്ലെറിയുകയും ചെയ്തു. ഇതോടെ യുവാക്കൾ ഇവരെ പിന്തുടരുകയും സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യാൻസി തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.അതേസമയം, 18 വയസിന് താഴെയുള്ളവർക്ക് പ്രവേശനം നൽകിയതിന് തർക്കമുണ്ടായ സ്വകാര്യ ബാർ അധികൃതർ പൂട്ടിച്ചു. സംഭവത്തിൽ അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button