ബൈക്കിടിച്ച് വയോധിക മരിച്ചു; ഓടിച്ച 17-കാരൻ കുറ്റക്കാരനല്ല; ഉടമസ്ഥാവകാശം മാറ്റാഞ്ഞ മുൻ ഉടമ 14 ലക്ഷം രൂപ നൽകാൻ വിധി
പതിനേഴുകാരൻ ഓടിച്ച ബൈക്കിടിച്ച് മരിച്ച വയോധികയുടെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. വാഹനത്തിന്റെ രേഖകളിലുള്ള ഉടമയാണ് നഷ്ടപരിഹാരത്തുക നൽകേണ്ടതെന്ന് മൂവാറ്റുപുഴ ട്രൈബ്യൂണൽ ജഡ്ജി കെ.എൻ. ഹരികുമാർ വ്യക്തമാക്കി. അതേസമയം, അപകടത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടിയെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റവിമുക്തനാക്കിയിരുന്നു.
നഷ്ടപരിഹാരത്തുക ആദ്യം ഇൻഷുറൻസ് കമ്പനി കുടുംബത്തിന് കൈമാറണമെന്നും പിന്നീട് ഈ തുക വാഹന ഉടമയിൽ നിന്ന് ഈടാക്കാനും കമ്പനിക്ക് അധികാരമുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു.
മൂവാറ്റുപുഴ രണ്ടാർ മാടവനപ്പുത്തൻപുരയിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സുമതി (72) മരിച്ച കേസിലാണ് ട്രൈബ്യൂണലിന്റെ നിർണായക വിധി. 11,02,000 രൂപ നഷ്ടപരിഹാരവും ഇതിന്റെ എട്ടു ശതമാനം പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് കുടുംബത്തിന് ലഭിക്കുക.





