സൗഹൃദ മത്സരത്തിൽ ബ്രസീലിനെ പേടിക്കാതെ ഇന്ത്യ, വിനയായത് അബദ്ധങ്ങൾ

കൊൽക്കത്ത: സൗഹൃദ മത്സരത്തിൽ ഇന്ത്യക്കെതിരെ ബ്രസീലിന് ആധികാരിക ജയം. മത്സരത്തിൽ നീലപ്പടയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറിപ്പട തകർത്തത്. ബ്രസീലിനായി പകരക്കാരനായി ഇറങ്ങിയ സാമുവൽ ലിനോ ഇരട്ടഗോൾ നേടിയപ്പോൾ, എസ്റ്റെവാവോ വില്യൻ, പെഡ്രോ എന്നിവർ ഓരോ ഗോൾ വീതം കണ്ടെത്തി.തുടക്കത്തിൽ മികച്ച പ്രതിരോധവും പ്രത്യാക്രമണങ്ങളുമായി ഖാലിദ് ജമീലിന്റെ ഇന്ത്യ പൊരുതിനിന്നെങ്കിലും ബ്രസീലിന്റെ ലോകോത്തര ക്ലാസിന് മുന്നിൽ അത് അധികനേരം നീണ്ടുനിന്നില്ല. മത്സരത്തിന്റെ 28–ാം മിനിറ്റിൽ കൗമാര താരം എസ്തവായോയാണ് ബ്രസീലിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ബോക്സിന്റെ വലതുഭാഗത്ത് നിന്ന് കട്ട് ചെയ്ത് താരം തൊടുത്ത ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ കൈകളിൽ തട്ടി വലയിലെത്തി. തുടർന്ന് 42–ാം മിനിറ്റിൽ എസ്റ്റെവാവോ നൽകിയ മികച്ച പാസ് സ്വീകരിച്ച് പെഡ്രോ ടീമിന്റെ രണ്ടാം ഗോൾ നേടി. രണ്ടാം ഗോളും ഗോൾകീപ്പറുടെ കൈയ്യിലൂടെയാണ് വലയിൽ വീണത്.രണ്ടാം പകുതിയിൽ കാർലോ ആഞ്ചലോട്ടി വരുത്തിയ മാറ്റങ്ങൾ മത്സരത്തിന്റെ ഗതി പൂർണമായും ബ്രസീലിന് അനുകൂലമാക്കി. 58–ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധ നിര വരുത്തിയ പിഴവ് മുതലെടുത്ത് സാമുവൽ ലിനോ സ്കോർ 3–0 ആക്കി. റയാൻ വില്യംസിലൂടെയും മൻവീർ സിങ്ങിലൂടെയും ഇന്ത്യ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൽ (90+5′) മനോഹരമായൊരു ഫിനിഷിംഗിലൂടെ ലിനോ തന്റെ രണ്ടാം ഗോളും നേടി ബ്രസീലിന്റെ വിജയം പൂർത്തിയാക്കി.കളിയിലുടനീളം 65 ശതമാനം പന്തടക്കവും 21 ഷോട്ടുകളുമായി ബ്രസീൽ ആധിപത്യം പുലർത്തി. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള വമ്പൻമാർക്കെതിരെ പോരാട്ടവീര്യം കാട്ടാനായത് ഇന്ത്യയ്ക്ക് വരും മത്സരങ്ങളിൽ ആത്മവിശ്വാസം നൽകും. ഒക്ടോബർ ആറിന് കൊൽക്കത്തയിൽ നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തിൽ മുൻ ലോക ചാമ്പ്യൻമാരായ യുറുഗ്വായ് ആണ് ഇന്ത്യയുടെ എതിരാളികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button