കാൻസർ മരുന്നുകളുടെ വില 70 ശതമാനം വരെ കുറക്കാൻ പദ്ധതി; രോഗികൾക്ക് പ്രതിവർഷം 2,500 കോടിയുടെ ലാഭം എന്ന് റിപ്പോർട്ട്
കാൻസർ ചികിത്സ നേരിടുന്ന ആയിരക്കണക്കിന് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമേകുന്ന വാർത്തയാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നും പുറത്തുവരുന്നത്. പട്ടികയിൽ ഉൾപ്പെടാത്ത (നോൺ- ഷെഡ്യൂൾഡ്) കാൻസർ പ്രതിരോധ മരുന്നുകളുടെ വിതകരണത്തിലും വിൽപ്പനയിലും ഈടാക്കുന്ന ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തി. ഈ നീക്കത്തിലൂടെ ഇത്തരം മരുന്നുകളുടെ വിപണി വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നും രാജ്യത്തെ കാൻസർ രോഗികൾക്ക് പ്രതിവർഷം ഏകദേശം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകുമെന്നും കേന്ദ്ര ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് വ്യക്തമാക്കുന്നു. നിലവിൽ സർക്കാരിന്റെ നിശ്ചിത വിലനിയന്ത്രണ പട്ടികക്ക് പുറത്തുള്ള കാൻസർ മരുന്നുകൾക്കാണ് പുതിയ തീരുമാനം ബാധകമാകുന്നത്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി നടത്തിയ പഠനത്തിൽ പട്ടികയിലില്ലാത്ത ഈ മരുന്നുകൾക്ക് ശരാശരി 170 ശതമാനം വരെയും ചില പ്രത്യേക കേസുകളിൽ 700 ശതമാനത്തിലേറെയും ലാഭമെടുത്ത് അമിതവില ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ റീട്ടെയിൽ ഫാർമസികൾ, ഹോസ്പിറ്റൽ ഫാർമസികൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വിൽക്കുമ്പോൾ മരുന്നുകളുടെ വിലയിൽ വലിയ വ്യത്യാസങ്ങളും ദൃശ്യമായിരുന്നു. ഇത് തടയാൻ മരുന്നുകളുടെ പരമാവധി വിൽപ്പന വിലയുടെ ശതമാനത്തിൽ കൂടുതൽ ലാഭവിഹിതം ഈടാക്കാൻ പാടില്ലെന്നാണ് പുതിയ നിർദ്ദേശം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് കീഴിലുള്ള വിദഗ്ദ്ധ സമിതിയായിരിക്കും പുതിയ ഉത്തരവിന്റെ പരിധിയിൽ വരുന്ന മരുന്നുകളുടെ അന്തിമ പട്ടിക തയാറാക്കുക. തുടർന്ന് എൻ.പി.പി.എ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും. ബ്രാൻഡഡ്, ജനറിക്, തദ്ദേശീയമായി നിർമിച്ചവ, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവ, പേറ്റന്റുള്ളതും ഇല്ലാത്തതുമായ എല്ലാവിധ കാൻസർ മരുന്നുകൾക്കും ഈ പുതിയ മാർജിൻ പരിധി ബാധകമായിരിക്കും. നേരത്തെ 2019 ഫെബ്രുവരിയിൽ 42 മരുന്നുകൾക്ക് ഇതുപോലെ 30% മാർജിൻ പരിധി നിശ്ചയിച്ചപ്പോൾ ചില ഉൽപ്പന്നങ്ങളുടെ വില 91% വരെ കുറയുകയും രോഗികൾക്ക് 984 കോടി രൂപ ലാഭിക്കാൻ കഴിയുകയും ചെയ്തിരുന്നു. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇപ്പോൾ കൂടുതൽ വിശാലമായ തലത്തിൽ ഈ ഭേദഗതി നടപ്പിലാക്കുന്നത്. വിലനിയന്ത്രണം കാരണം വിപണിയിൽ മരുന്നുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കാൻ മരുന്ന് ഉത്പാദകർ അവരുടെ നിലവിലെ ഉൽപ്പാദന തോത് തടസ്സമില്ലാതെ തുടരണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ ലക്ഷത്തിൽ 60 പേർക്ക് എന്ന തോതിൽ കാൻസർ രോഗബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചികിത്സാ ചെലവിന്റെ ഭൂരിഭാഗവും സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിക്കേണ്ടിവരുന്ന സാധാരണക്കാർക്ക് പുതിയ നീക്കം വലിയ ആശ്വാസമായി മാറും.





