പുറത്ത് തേങ്ങ, അകത്ത് കല്ല്; കടയിൽ നിന്ന് വാങ്ങിയ തേങ്ങക്കകത്ത് നിറയെ കല്ല്!
കോഴിക്കോട്: തേങ്ങയുടെ തൂക്കം കൂട്ടാൻ പുതിയ തട്ടിപ്പുരീതി! തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രി കാന്റീനിലേക്ക് കടയിൽ നിന്ന് വാങ്ങിയ തേങ്ങ പൊട്ടിച്ചപ്പോൾ പാചകക്കാരൻ കണ്ടത് തേങ്ങക്കുളളിൽ കുത്തിനിറച്ച കുറെ കല്ലുകൾ.തേങ്ങയുടെ ‘കണ്ണ്’ വഴി ദ്വാരമുണ്ടാക്കി തേങ്ങാവെള്ളം കളഞ്ഞ്, ശേഷം ചെറിയ കല്ലുകൾ അകത്തേക്ക് കടത്തി വിട്ടാണ് തേങ്ങയുടെ തൂക്കം കൂട്ടിയതെന്ന് സംഭവം നേരിട്ട് കണ്ട മാധ്യമ പ്രവർത്തകൻ റഫീക്ക് തോട്ടുമുക്കം പറഞ്ഞു. ഒറ്റനോട്ടത്തിൽ തേങ്ങയുടെ ‘കണ്ണ്’ തുരന്നതായി തോന്നിക്കാത്ത വിധം അതിവിദഗ്ധമായാണ് തേങ്ങയ്ക്കുളളിൽ കല്ലുകൾ നിറച്ചിരിക്കുന്നത്.തേങ്ങക്കകത്ത് തേങ്ങാവെളളമാണോ അതോ വല്ല കല്ലോ മണ്ണോ ആണോ എന്നറിയാൻ കടയിൽ നിന്ന് വാങ്ങുന്ന തേങ്ങകൾ പൊട്ടിച്ചു നോക്കേണ്ട അവസ്ഥയാണ്. തേങ്ങാക്കച്ചവടക്കാരുടെ പുതിയ തട്ടിപ്പു വിദ്യ കണ്ടെത്താൻ മലഞ്ചരക്ക് വ്യാപാരികൾ ഇനി കുറച്ചധികം ശ്രദ്ധിക്കേണ്ടി വരും.





