അറിയാതെ ഒരു ലിങ്കിൽ തൊട്ടാൽ എല്ലാം തീർന്നോ? സൈബർ തട്ടിപ്പുകളുടെ ചതിക്കുഴികൾ തിരിച്ചറിയാം…
എങ്ങോട്ട് തിരിഞ്ഞാലും എല്ലായിടത്തും സൈബർ തട്ടിപ്പുകളുടെ അതിപ്രസരമാണ്. ഓരോ ദിവസവും എത്രയോ പേരാണ് ഈ ചതിക്കുഴികളിൽപെട്ടുപോകുന്നത്. ഒരു ഫോൺ വിളിയിലോ, ഒരു സന്ദേശത്തിലോ, സമൂഹമാധ്യമങ്ങളിലെ ഒരു പരസ്യത്തിലോ തുടങ്ങുന്ന കെണിയിൽപ്പെട്ട് ജീവിതകാലത്തെ സമ്പാദ്യം നിമിഷങ്ങൾക്കുള്ളിലാണ് പലർക്കും നഷ്ടമാകുന്നത്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം തട്ടിപ്പുകാരുടെ തന്ത്രങ്ങളും മാറുമ്പോൾ, ഇത് കേവലം ഒരു സാങ്കേതിക പ്രശ്നം മാത്രമല്ല; മനുഷ്യന്റെ മനസ്സും വികാരങ്ങളും ലക്ഷ്യമിടുന്ന വലിയൊരു സാമൂഹികവെല്ലുവിളിയാണ്. ഈ ചതിയുടെ യഥാർത്ഥ മുഖം തിരിച്ചറിയുകയും ജാഗ്രത പുലർത്തുകയുമാണ് നമുക്ക് മുന്നിലുള്ള ഏകവഴി.കണക്കുകൾ പറയുന്ന യാഥാർഥ്യംപെരുകുന്ന സൈബർ തട്ടിപ്പുകളുടെ വ്യാപ്തി കണക്കുകളിൽ വ്യക്തമാണ്. കോഴിക്കോട് റൂറൽ ജില്ലയിൽ മാത്രം 11 മാസത്തിനിടയിൽ 2,700-ലധികം പരാതികളാണ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്ന് നിരന്തരം സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കേരളത്തിൽ പ്രതിദിനം ഒന്നര കോടി മുതൽ രണ്ടു കോടി രൂപ വരെ സൈബർ തട്ടിപ്പുകളിലൂടെ നഷ്ടപ്പെടുന്നുവെന്നാണ് കണക്ക്. അതായത് പ്രതിമാസം 40 കോടിയിലധികം രൂപ മലയാളികൾക്ക് നഷ്ടമാകുന്നുണ്ട്. ഇതിലും ഗൗരവമുള്ള കാര്യം, നാണക്കേട് ഭയന്ന് പലരും പരാതിപ്പെടുന്നില്ല എന്നതാണ്. പുറത്തുവരുന്ന കണക്കുകൾ യഥാർത്ഥ ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. തട്ടിപ്പിന്റെ മാറുന്ന മുഖങ്ങളും എ.ഐയുടെ കടന്നുകയറ്റവുംപ്രമുഖരുടെ പേരിലുള്ള വ്യാജ നിക്ഷേപ പരസ്യങ്ങൾ, വ്യാജ ഇ-ചെല്ലാൻ ലിങ്കുകൾ, ഓൺലൈൻ ട്രേഡിങ്ങിൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്യുന്ന പദ്ധതികൾ, ഫോണിൽ അറിയാതെ ഇൻസ്റ്റാൾ ആകുന്ന ആപ്പുകൾ എന്നിവയാണ് പ്രധാന തട്ടിപ്പുകൾ. ഡിജിറ്റൽ അറസ്റ്റ്, വ്യാജ ഗ്യാസ് ബുക്കിങ് ആപ്പുകൾ (ഫേക്ക് IGL ഗ്യാസ് ആപ്പ് പോലുള്ളവ), പെൻഷൻ ഫണ്ട് പദ്ധതികൾ എന്നിവയും വ്യാപകമായി പ്രചരിക്കുന്നു. ഒരു ലിങ്കിൽ വെറുതെ വിരൽ തൊട്ടതുകൊണ്ട് മാത്രം അക്കൗണ്ടിലെ പണം ചോർന്നുപോകുന്നില്ലെന്നതാണ് യാഥാർഥ്യം. ലിങ്ക് തുറന്നതിന് ശേഷം, അവിടെ ആവശ്യപ്പെടുന്ന ബാങ്ക് വിവരങ്ങളോ കാർഡ് നമ്പറോ ഒടിപിയോ (OTP) നമ്മൾ സ്വയം നൽകുമ്പോഴാണ് തട്ടിപ്പ് പൂർത്തിയാകുന്നത്. പരിവാഹൻ പോർട്ടലിന്റെ പേരിൽ വരുന്ന സന്ദേശങ്ങളിൽ വാഹന നമ്പറും ഉടമയുടെ പേരും കൃത്യമായി ഉൾപ്പെടുത്തിയിരിക്കും. സ്വന്തം വിവരങ്ങൾ കാണുമ്പോൾ ഇത് ഔദ്യോഗിക സന്ദേശമാണെന്ന് ആളുകൾ വിശ്വസിക്കുകയും ഭയത്തോടെ ബാങ്ക്, കാർഡ് വിവരങ്ങൾ നൽകുകയും ചെയ്യുന്നു. ബാങ്കിങ്, കാർഡ്, യു.പി.ഐ (UPI) മാൻഡേറ്റ് വിവരങ്ങൾ ഒരിക്കൽ തട്ടിപ്പുകാരുടെ കയ്യിൽ എത്തിയാൽ പിന്നീട് അവർ ആവർത്തിച്ച് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചുകൊണ്ടിരിക്കും. സാങ്കേതികവിദ്യയുടെ വളർച്ച തട്ടിപ്പുകാർക്കും ഗുണം ചെയ്തുപണ്ട് ജാംതാര, മേവാത്, ശിവപുരി തുടങ്ങിയ ഗ്രാമങ്ങളിൽ നിന്ന് നടത്തിയിരുന്ന തട്ടിപ്പുകളിൽ ഭാഷയിലെ തകരാറുകൾ കൊണ്ട് വ്യാജനെ എളുപ്പത്തിൽ തിരിച്ചറിയാമായിരുന്നു. എന്നാൽ, എഐ (AI) വന്നതോടെ കുറഞ്ഞ ചെലവിൽ ആകർഷകമായ വ്യാജ വെബ്സൈറ്റുകളും കൃത്യമായ ഭാഷയിലുള്ള ഉള്ളടക്കവും ഉണ്ടാക്കാൻ അവർക്ക് സാധിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി എന്നിവരുടെ ചിത്രങ്ങളും ഡീപ്ഫേക്കുകളും ഉപയോഗിച്ച് വ്യാജ നിക്ഷേപ പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്. മേയ് മാസത്തിൽ മാത്രം ഏകദേശം 4,500-ഓളം വ്യാജ ഫേസ്ബുക്ക് പോസ്റ്റുകളും പരസ്യങ്ങളും സൈബർ സെക്യൂരിറ്റി ടീം റിപ്പോർട്ട് ചെയ്തു. ഇത്തരം പരസ്യങ്ങൾ വേഗത്തിൽ നിരീക്ഷിച്ച് നീക്കം ചെയ്യാൻ ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾക്കും ഉത്തരവാദിത്തമുണ്ട്. അന്താരാഷ്ട്ര ശൃംഖലകളും വിദ്യാസമ്പന്നർ കുടുങ്ങുന്ന വിരോധാഭാസവുംസൈബർ തട്ടിപ്പ് ഇന്ന് ഒറ്റപ്പെട്ട വ്യക്തികളുടെ പണിയല്ല, സംഘടിതമായ അന്താരാഷ്ട്ര വ്യവസായമാണ്. കമ്പോഡിയ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ കോൾ സെന്റർ മാതൃകയിലാണ് തട്ടിപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഗവൺമെന്റ് പോർട്ടലുകൾ പോലുള്ള കേന്ദ്രങ്ങളിൽ നിന്ന് ചോർന്ന വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച്, വാട്സ്ആപ് വഴി APK ഫയലുകൾ അടങ്ങിയ കസ്റ്റമൈസ്ഡ് സന്ദേശങ്ങൾ ഇവർ അയക്കുന്നു. തട്ടിപ്പിലൂടെ കിട്ടുന്ന പണം പല ലെയറുകളിലുള്ള മ്യൂൾ അക്കൗണ്ടുകൾ വഴിയാണ് കൈമാറ്റം ചെയ്യുന്നത്. വലിയ ഹവാല നെറ്റ്‌വർക്കുകളാണ് ഇത് നിയന്ത്രിക്കുന്നത്. പണം നഷ്ടപ്പെട്ട് 10 മിനിറ്റിനും ഒരു മണിക്കൂറിനും ഉള്ളിൽ തുക പല അക്കൗണ്ടുകളിലേക്ക് മാറ്റപ്പെടുന്നു. പിന്നീട് കൂപ്പണുകളായോ ക്രിപ്റ്റോ കറൻസിയായോ ഹവാല വഴിയോ ദുബായ് പോലുള്ള വിദേശ കേന്ദ്രങ്ങളിലേക്ക് കടത്തപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിൽ നഷ്ടപ്പെട്ട സൈബർ പണം തിരിച്ചുപിടിക്കുന്നതിന്റെ നിരക്ക് 20 ശതമാനത്തിൽ താഴെ മാത്രമാണ്. തട്ടിപ്പിന് ഇരയാകുന്നത് അറിവില്ലാത്തവരോ നിരക്ഷരരോ ആണെന്നാണ് പൊതുധാരണ. എന്നാൽ, എൻജിനീയർമാർ, ഡോക്ടർമാർ, കോളേജ് പ്രിൻസിപ്പൽമാർ, ഐ.ഐ.ടി പ്രഫസർമാർ തുടങ്ങി മികച്ച ഡിജിറ്റൽ സാക്ഷരതയുള്ളവരാണ് ഇത്തരം തട്ടിപ്പുകളിൽ കൂടുതലായി വീഴുന്നത്. ‘എനിക്ക് തട്ടിപ്പ് സംഭവിക്കില്ല, ഞാൻ വിദ്യാഭ്യാസമുള്ളയാളാണ്’ എന്ന അമിത ആത്മവിശ്വാസവും, വേഗത്തിൽ തീരുമാനമെടുക്കുന്ന ശീലവും, പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള ആഗ്രഹവും ചേരുമ്പോൾ തട്ടിപ്പുകാർ അത് മുതലെടുക്കുന്നു. മനസ്സിനെ ഹാക്ക് ചെയ്യുന്ന തന്ത്രങ്ങളും മണി മ്യൂൾ കെണിയുംസൈബർ തട്ടിപ്പിനെ കേവലം സാങ്കേതിക പ്രശ്നമായി കാണുന്നത് വലിയ തെറ്റാണ്. തട്ടിപ്പുകാർ ഫോണല്ല, മനുഷ്യന്റെ വികാരങ്ങളെയാണ് ഹാക്ക് ചെയ്യുന്നത്. ലൈസൻസ് സസ്പെൻഡ് ചെയ്യും, കേസാകും, അറസ്റ്റ് ചെയ്യും… എന്നിങ്ങനെയുള്ള ഭയപ്പെടുത്തലുകൾ ചിന്താശേഷിയെ തളർത്തുന്നു. ഇരട്ടിലാഭം എന്ന അത്യാഗ്രഹവും, പ്രമുഖരുടെ മുഖവും ഔദ്യോഗിക പേരുകളും നൽകുന്ന വിശ്വാസവും, “എന്നെ പറ്റിക്കാൻ പറ്റില്ല” എന്ന അമിത ആത്മവിശ്വാസം, പരാതിപ്പെടാൻ മടിക്കുന്ന നാണക്കേട് എന്നിവയും തട്ടിപ്പുകാർക്ക് തുണയാകുന്നു. തുടക്കത്തിൽ ചെറിയ തുകയ്ക്ക് ഇരട്ടി ലാഭം നൽകി വിശ്വാസം നേടിയ ശേഷം, 10 ലക്ഷം രൂപ പോലുള്ള വലിയ തുക നിക്ഷേപിക്കുമ്പോൾ പണവുമായി മുങ്ങുന്ന ‘എക്സിറ്റ് സ്കാം’ രീതിയും വ്യാപകമാണ്. തട്ടിപ്പിന്റെ മറ്റൊരു അപകടകരമായ വശമാണ് മണി മ്യൂൾ. കോളജ് വിദ്യാർഥികൾക്ക് പോക്കറ്റ് മണിയായി 700 രൂപ മുതൽ 1,500 രൂപ വരെ വാഗ്ദാനം ചെയ്ത് അവരുടെ ബാങ്ക് അക്കൗണ്ടുകൾ വാടകക്ക് എടുക്കുന്നു. അക്കൗണ്ടുകൾ KYC ലിങ്ക് ചെയ്തതായതിനാൽ ഉടമകൾ തന്നെ നിയമത്തിന് മുന്നിൽ പ്രതികളാകും. ബി.എൻ.എസ് (BNS) വകുപ്പുകൾ, സൈബർ നിയമങ്ങൾ, പിഎംഎൽഎ (PMLA – കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) എന്നിവ പ്രകാരം ക്രിമിനൽ കേസുകൾ നേരിടേണ്ടി വരും. ഇത് വിദ്യാർഥികളുടെ ഭാവിയും തൊഴിൽസാധ്യതകളും ജീവിതവും തകർക്കും. പണം നഷ്ടപ്പെട്ടാൽ: ഗോൾഡൻ അവർതട്ടിപ്പിന് ഇരയായാൽ ആദ്യത്തെ ഓരോ മിനിറ്റും നിർണായകമാണ്. പണം മ്യൂൾ അക്കൗണ്ടുകളിലൂടെ കടന്ന് വിദേശത്തേക്ക് പോകുന്നതിന് മുമ്പുള്ള ആദ്യ മണിക്കൂറാണ് ഗോൾഡൻ അവർ. ആ സമയത്ത് ഉടൻ 1930 എന്ന ദേശീയ സൈബർ ക്രൈം ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ ചെയ്യുക. പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് പണം ഫ്രീസ് ചെയ്തിട്ടുണ്ടെങ്കിൽ തിരികെ ലഭിക്കാൻ സഹായിക്കുകയും, ഭാവിയിൽ നിങ്ങളുടെ അക്കൗണ്ട് മറ്റൊരു കേസിൽ കുടുങ്ങാതിരിക്കാനുള്ള നിയമപരമായ സംരക്ഷണം നൽകുകയും ചെയ്യും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ * APK ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്: വാട്സ്ആപ്പിലൂടെ ലഭിക്കുന്ന APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്. ആൻഡ്രോയിഡ് ഉപയോക്താക്കളാണ് ഇതിൽ കൂടുതൽ ലക്ഷ്യമിടപ്പെടുന്നത് (ആപ്പിൾ ഫോണുകളിൽ ഇത്തരത്തിൽ APK ഇൻസ്റ്റാൾ ആകില്ല). * OTP പങ്കുവെക്കരുത്: ഒരു കാരണവശാലും ആരോടും OTP പറയരുത്; ഓഫറുകളുടെയും ഗിഫ്റ്റുകളുടെയും പേരിൽ കാണുന്ന അനാവശ്യ ലിങ്കുകളിൽ അക്കൗണ്ട് വിവരങ്ങൾ നൽകരുത്. * നിക്ഷേപ വാഗ്ദാനങ്ങളെ സംശയിക്കുക: നിക്ഷേപങ്ങളോ ആപ്പുകളോ സംബന്ധിച്ച് സംശയമുണ്ടെങ്കിൽ സാമ്പത്തിക കാര്യങ്ങളിൽ അറിവുള്ളവരോട് ചോദിച്ച് ഉറപ്പുവരുത്തുക. ഇരട്ടി ലാഭം എന്ന വാഗ്ദാനം തന്നെ മുന്നറിയിപ്പാണ്. * പ്രമുഖരുടെ പരസ്യങ്ങൾ വിശ്വസിക്കരുത്: ഒരു മന്ത്രിയോ വ്യവസായിയോ നിക്ഷേപ പദ്ധതി ശിപാർശ ചെയ്യുന്ന വീഡിയോ ഡീപ്ഫേക്ക് ആകാം. * ഔദ്യോഗിക മാർഗങ്ങൾ മാത്രം ഉപയോഗിക്കുക: സർക്കാർ സേവനങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ നേരിട്ട് തുറക്കുക; സന്ദേശത്തിലെ ലിങ്ക് ഉപയോഗിക്കരുത്. * ഭയപ്പെടുത്തുന്ന സന്ദേശങ്ങളിൽ നിർത്തി ചിന്തിക്കുക: തിടുക്കവും ഭീഷണിയും തട്ടിപ്പിന്റെ ലക്ഷണങ്ങളാണ്. ഒരു നിമിഷം നിർത്തി, വിശ്വസ്തരോട് ചോദിക്കുക. * സുവർണ നിയമം: ഇന്റർനെറ്റിൽ കാണുന്ന കാര്യങ്ങൾ എളുപ്പത്തിൽ വിശ്വസിക്കാതിരിക്കുക; അത് റീ-വെരിഫൈ ചെയ്യുക. * ബാങ്ക് അക്കൗണ്ട് കൈമാറരുത്: മണി മ്യൂളിന്റെ നിയമവിപത്തുകൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക; ബാങ്ക് അക്കൗണ്ട് വാടകയ്ക്കോ സൗജന്യമായോ ആർക്കും നൽകരുത്. സൈബർ തട്ടിപ്പുകൾ എ.ഐയുടെ സഹായത്തോടെ കൂടുതൽ വിശ്വസനീയവും അന്താരാഷ്ട്ര ശൃംഖലകളുടെ പിൻബലത്തോടെ കൂടുതൽ സംഘടിതവുമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസമോ ഡിജിറ്റൽ പരിജ്ഞാനമോ മാത്രം നമ്മെ രക്ഷിക്കില്ല. ഭയം, അത്യാഗ്രഹം, അമിത ആത്മവിശ്വാസം എന്നീ മനുഷ്യസഹജമായ ദൗർബല്യങ്ങളാണ് തട്ടിപ്പുകാരുടെ യഥാർത്ഥ ആയുധം. അതിനാൽ പ്രതിരോധം തുടങ്ങേണ്ടത് സാങ്കേതിക സുരക്ഷയിൽ മാത്രമല്ല, നമ്മുടെ മനോഭാവത്തിലാണ് സംശയിക്കുക, പരിശോധിക്കുക, ഒരു നിമിഷം കാത്തിരിക്കുക, വേഗം റിപ്പോർട്ട് ചെയ്യുക. ജാഗ്രതയാണ് ഏറ്റവും ശക്തമായ സുരക്ഷ.(സൈബർ സെക്യൂരിറ്റി വിദഗ്ധനാണ് ലേഖകൻ)





