ബഹളമുണ്ടാക്കിയതിന് വഴക്ക് പറഞ്ഞു; അമ്മാവനടക്കം മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിച്ച് 16-കാരൻ
അഹമ്മദാബാദ്: സുഹൃത്തുക്കൾക്കൊപ്പം ബഹളമുണ്ടാക്കിയത് വിലക്കിയതിന് അമ്മാവനടക്കം മൂന്നുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച 16-കാരൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. അഹമ്മദാബാദിലെ വസ്ത്രാൽ പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിൽ അമ്മാവനായ ദിനേശ്, ഭാര്യ പൂജ, കൂടെയുണ്ടായിരുന്ന സുനിൽ എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.ഇന്ദിരാ നഗർ ടെക്ര പ്രദേശത്ത് ദിനേശും ഭാര്യ പൂജയും ഇരിക്കുമ്പോഴാണ് സംഭവം. സമീപത്ത് പെഡൽ റിക്ഷയിലിരുന്ന് സുഹൃത്തുക്കളുമായി തമാശ പറയുകയും ബഹളമുണ്ടാക്കുകയും ചെയ്ത കൗമാരക്കാരനോട് ശബ്ദമുണ്ടാക്കരുതെന്ന് ദിനേശ് പറഞ്ഞു. ഇതിൽ പ്രകോപിതനായ 16-കാരൻ കത്തികൊണ്ട് ദിനേശിന്റെ വയറ്റിൽ കുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ചപ്പോഴാണ് പൂജയ്ക്കും സുനിലിനും പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റെങ്കിലും ദിനേശ് കൗമാരക്കാരന്റെ കയ്യിൽനിന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ചാക്രമിക്കുകയായിരുന്നു. അരക്കെട്ടിൽ ആഴത്തിൽ കുത്തേറ്റ 16-കാരൻ സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. തുടർന്ന് പരിക്കേറ്റ നാലുപേരെയും 108 ആംബുലൻസിൽ അസർവ സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കൗമാരക്കാരൻ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.കുട്ടിക്കാലം മുതൽ ദിനേശിന്റെ സംരക്ഷണയിലാണ് കൊല്ലപ്പെട്ട 16-കാരൻ വളർന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. അമ്മ പുനർവിവാഹം ചെയ്തതിനാലാണ് കുട്ടി അമ്മാവനൊപ്പം കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ മാറിത്താമസിക്കുകയായിരുന്നു.സംഭവത്തിൽ കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി രാമോൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.





