ഞങ്ങള്‍ക്കെന്ത് ആറുവരി’; ദേശീയപാതയില്‍ റോങ് സൈഡില്‍ പാഞ്ഞ് സ്വകാര്യ ബസ്, 7500 പിഴയിട്ട് എംവിഡി
‘
കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോങ് സൈഡില്‍ പാഞ്ഞ ‘കൃതിക’ ബസിന് 7500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഡ്രൈവര്‍ എടപ്പാളിലെ മോട്ടോര്‍ വാഹന പരിശീലന കേന്ദ്രത്തില്‍ നിര്‍ബന്ധിത പരിശീലനം നേടണമെന്നും നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൃതിക എന്ന സ്വകാര്യ ബസ് കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയില്‍ അപകടകരമായ രീതിയില്‍ ഓടിച്ചത്. തിരക്കേറിയ ആറുവരിപ്പാതയില്‍ തെറ്റായ ദിശയില്‍ അഞ്ച് കിലോമീറ്ററോളം ഓടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് എംവിഡി നടപടിയെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച, കൃതിക ബസിലെ യാത്രക്കാരിയെ ഉയരപ്പാതയില്‍ രാത്രി ഇറക്കിവിട്ട സംഭവവുമുണ്ടായിരുന്നു. പയ്യോളിയില്‍ ഇറങ്ങേണ്ട യാത്രക്കാരിയെ സര്‍വീസ് റോഡിലെ സ്‌റ്റോപ്പില്‍ ഇറക്കാതെ ഉയരത്തിലുള്ള ആറുവരിപ്പാതയില്‍ ഇറക്കിവിടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ കോണി എത്തിച്ചാണ് യാത്രക്കാരിയെ ഉയരപ്പാതയില്‍ നിന്ന് താഴെയിറക്കിയത്.





