ഏഴ് പതിറ്റാണ്ടിന് ശേഷം റോഘട്ടിലേക്ക് ട്രെയിൻ; എന്താണ് ഈ പ്രദേശത്തിന്റെ പ്രത്യേകത?
റാഞ്ചി: രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 79 വര്ഷത്തിന് ശേഷം ഛത്തീസ്ഗഡിലെ റോഘട്ടിലേക്ക് ആദ്യമായി ട്രെയിനെത്തുന്നു. ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സ്ഥിതി ചെയ്യുന്ന വളരെ ഉൾപ്രദേശത്തുള്ള ഒരു പട്ടണമാണ് റോഘട്ട്. പ്രകൃതിരമണീയമായ കങ്കേർ ജില്ലയുടെ തെക്ക് ഭാഗത്തായി, കടുത്ത മാവോയിസ്റ്റ് സ്വാധീനമുള്ള വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണിത്. ധാതുസമ്പത്തുകളാൽ സമ്പന്നമായ സ്ഥലം.ചോട്ടാനാഗ്പൂർ പീഠഭൂമിയുടെ ഭാഗമായ ഈ പ്രദേശത്തേക്ക് റെയിൽവേ എത്തുന്നത് ദല്ലി-രാജഹര-റോഘട്ട് റെയിൽവേ ലൈൻ പദ്ധതിയുടെ ഭാഗമായാണ്. പതിറ്റാണ്ടുകളായി മാവോയിസ്റ്റ് ഭീഷണിയും ഭൂപ്രകൃതിയുടെ ദുർഘടതയും കാരണം മുടങ്ങിപ്പോയ ഈ പദ്ധതി യാഥാർത്ഥ്യമായത് ആ പ്രദേശത്തിന്റെ വ്യാവസായിക വികസനത്തിനും ഗതാഗത സൗകര്യങ്ങൾക്കും വലിയൊരു വഴിത്തിരിവാണ്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് തഡോക്കി-റൗഘട്ട് റെയിൽവേ സെക്ഷന്റെ ഉദ്ഘാടനം നടന്നത്. 95 കിലോമീറ്റർ നീളമുള്ള ദല്ലി-രാജഹര–റോഘട്ട് റെയിൽവേ ലൈനിലെ അവസാനത്തെ 17.5 കിലോമീറ്റർ പാതയാണിത്. 1,628 കോടി രൂപ ചെലവഴിച്ചാണ് ഈ റെയിൽവേ ലൈൻ പൂർത്തിയാക്കിയത്.റോഘട്ടിൽ നിന്ന് റായ്പൂരിലേക്കും, റായ്പൂരിൽ നിന്ന് കുരുദിലേക്കുമുള്ള രണ്ട് പുതിയ പാസഞ്ചർ സർവീസുകളാണ് ഇതിനോടൊപ്പം ഫ്ലാഗ് ഓഫ് ചെയ്തത്.ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിൽ നിന്ന് ബസ്തർ മേഖലയിലെ ഉൾനാടൻ ഗ്രാമമായ റോഘട്ടിലേക്ക് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചതോടെ ഇതുവരെ റെയിൽവേ കണക്റ്റിവിറ്റി ഇല്ലാതിരുന്ന പ്രദേശങ്ങൾ കൂടുതൽ സുഗമമായി ബന്ധിപ്പിക്കപ്പെടുകയാണ്. റായ്പൂരിൽ നിന്നും സൗത്ത് ഛത്തീസ്ഗഡിലെ ഗോത്രവർഗ്ഗ മേഖലകളിലേക്ക് യാത്ര ചെയ്യുന്നത് ഈ പുതിയ പാതയിലൂടെ വളരെ എളുപ്പമാകും.പ്രദേശവാസികൾക്ക് മികച്ച ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ, വ്യാപാര വിപണികൾ എന്നിവ എളുപ്പത്തിൽ പ്രാപ്യമാക്കാൻ ഈ പുതിയ ലൈൻ സഹായിക്കും.





