ബിഹാർ എം.എൽ.എയുടെ മകളുടെ വിവാഹപ്പന്തലിൽ ‘പാമ്പ്’; വാലിൽ തൂക്കിയെടുത്ത് കറക്കി യുവാവ്, പോസ്റ്റ് വൈറൽ
പട്ന: ആഡംബരവും വിഭവസമൃദ്ധമായ സദ്യയും കൊണ്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ബിഹാർ എം.എൽ.എ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹച്ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി പാമ്പെത്തിയത് പരിഭ്രാന്തി പരത്തി. പട്ന ജില്ലയിലെ നദ്വാൻ ഗ്രാമത്തിൽ നടന്ന ശിവാംഗി സിങ്ങിന്റെയും ഋഷികേശ് കുമാറിന്റെയും വിവാഹപ്പന്തലിലാണ് സംഭവം. വിവാഹത്തിനായി ഒരുക്കിയ കൂറ്റൻ പന്തലിലെ പിങ്ക് പരവതാനിയിലൂടെ പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു. അപ്രതീക്ഷിതമായി പാമ്പിനെ കണ്ടതോടെ അതിഥികൾ പരിഭ്രാന്തരായി ചിതറിയോടി. ചിലർ ഭയന്ന് മാറിനിന്നപ്പോൾ മറ്റു ചിലർ ഈ രംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്താനാണ് ശ്രമിച്ചത്. ബഹളങ്ങൾക്കിടെ അവിടേക്ക് ഓടിയെത്തിയ ഒരു യുവാവ് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പിടിക്കാൻ ശ്രമിച്ചു. പലതവണ കൈപിടിയിലൊതുങ്ങിയില്ലെങ്കിലും വാലിൽ പിടുത്തം കിട്ടിയതോടെ പാമ്പിനെ രണ്ട് റൗണ്ട് കറക്കി ഒരൊറ്റ ഏറ്. ഇതിന്റെ ദൃശ്യങ്ങളാണ് നിലവിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. കാട്ടുപാമ്പിനെപ്പോലെയാണ് തോന്നുന്നതെന്നും, അതൊരു അണലിയായിരുന്നെങ്കിൽ യുവാവിന്റെ ജീവൻ തന്നെ അപകടത്തിലായേനെയെന്നും ഒരാൾ കുറിച്ചു. “ആ പാമ്പ് ഇങ്ങനെയൊരു ദിവസം ഒട്ടും പ്രതീക്ഷിച്ചു കാണില്ല” എന്നായിരുന്നു മറ്റൊരാളുടെ രസകരമായ കമന്റ്. മുമ്പ് പാമ്പുകളെ പിടികൂടി പരിചയമുള്ള ആളാണെന്ന് തോന്നുമെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയുള്ള ഇത്തരം നീക്കങ്ങൾ പാമ്പിനും ചുറ്റും നിൽക്കുന്ന ജനങ്ങൾക്കും ഒരുപോലെ അപകടകരമാണെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി
മൊകാമ എം.എൽ.എ അനന്ത് സിങ്ങിന്റെ ജന്മനാടായ നദ്വാനിൽ നടന്ന ഈ വിവാഹം അതിന്റെ പകിട്ടുകൊണ്ടും ഭക്ഷണവൈവിധ്യം കൊണ്ടും നേരത്തെ തന്നെ വാർത്തകളിൽ ഇടംനേടിയിരുന്നു. ലക്ഷക്കണക്കിന് അതിഥികൾക്കായി ഒരുക്കിയ സദ്യയിൽ 150ലധികം സസ്യാഹാര വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ബിഹാറിന്റെ തനത് വിഭവമായ ലിറ്റി-ചോഖ, ചോറ്, പരിപ്പ്, പൂരി, പനീർ, ദാൽ മഖാനി, നാൻ, തന്തൂരി റൊട്ടി എന്നീ പരമ്പരാഗത വിഭവങ്ങളായിരുന്നു പ്രധാനപ്പെട്ടവ. ഏകദേശം 30 ലക്ഷം രസഗുളകളാണ് വിവാഹത്തിനായി മാത്രം തയാറാക്കിയത്. ഇതിനുപുറമെ ഗുലാബ് ജാമുൻ, രാജ്ഭോഗ്, കാജു കട്ലി, മാൽപുവ, ബിഹാറിലെ പ്രശസ്തമായ സിലാവോ ഖാജ എന്നിവയും അതിഥികൾക്കായി വിളമ്പിയിരുന്നത് വൈറലായിരുന്നു.





