ചേരാനല്ലൂർ വാഹനാപകടം: 17കാരന് വീണ്ടും ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ്‌ ബോർഡ്

കൊച്ചി: കൊച്ചി ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 17കാരന് ജാമ്യം. ജുവനൈൽ ജസ്റ്റിസ്‌ ബോർഡിൽ നിന്നാണ് ജാമ്യം ലഭിച്ചത്. നടപടി മനഃപൂർവമുള്ള നരഹത്യ വകുപ്പ് കൂടി ചുമത്തി കസ്റ്റഡിയിലെടുത്ത ശേഷമാണ്. അതേസമയം, വാഹനത്തിന്റെ ആർസി ഓണറായ ജഡ്ജിക്കെതിരെ കേസെടുക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.തീരുമാനം അംഗീകരിക്കില്ലെന്ന് ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചു. കാരണക്കാരനായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ച നടപടിയില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണൻ്റെ മക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്നലെ രാത്രി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ ജയബാലകൃഷ്ണന്റെ മകൾ കുഴഞ്ഞുവീണിരുന്നു.അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ ദുർബലമായ വകുപ്പുകൾ മാത്രമാണ് പൊലീസ് ചുമത്തിയത്. ഐപിസി 305-ാം വകുപ്പ് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാൽ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു.കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താൻ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. ഇരുട്ടും മഴയുമുള്ള സമയമായതിനാൽ റോഡിൽ വാഹനങ്ങൾ കണ്ടിരുന്നില്ലെന്നും സ്കൂട്ടർ ശ്രദ്ധയിൽപെട്ടില്ലെന്നുമായിരുന്നു പതിനേഴുകാരൻ മൊഴി. കുട്ടിയുടെ രക്തം പരിശോധിച്ചതിൽ മദ്യം ഉപയോഗിച്ചിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.അതേസമയം കാറോടിച്ച കുട്ടി അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ മകനായതിനാൽ കേസിന്റെ തുടക്കം മുതൽ നിയമപരമായ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചതായി ആരോപണങ്ങൾ ഉയരുന്നുണ്ട്.ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപം അപകടമുണ്ടായത്. മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണനാണ് മരിച്ചത്. അഡീഷണല്‍ ജില്ലാ ജഡ്ജി റെനോ ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയിലെത്തിയ കാര്‍ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അതേസമയം, നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button