പെൺകുട്ടിയാണെന്നറിഞ്ഞതോടെ ഭ്രൂണഹത്യക്ക് നിർബന്ധിച്ച് ഭർത്താവ്: രക്തസ്രാവത്തെത്തുടർന്ന് യുവതിക്ക് ദാരുണാന്ത്യം
ധൻബാദ്: നിർബന്ധിച്ച് ലിംഗനിർണയം നടത്തി ഗർഭഛിദ്രത്തിന് ഇരയാക്കിയ 24കാരി രക്തസ്രാവത്തെത്തുടർന്ന് മരിച്ചു. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലാണ് ദാരുണമായ സംഭവം. ധൻബാദ് സ്വദേശിയായ കിരൺ കുമാരിയാണ് (24) കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ്, ഡയഗ്നോസ്റ്റിക് സെന്റർ ഉടമ, ജീവനക്കാരൻ, മെഡിക്കൽ കോളജിലെ നഴ്സ് എന്നിവരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ആൺകുട്ടി വേണമെന്ന ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിർബന്ധത്തെ തുടർന്നാണ് യുവതിയെ ഭർത്താവ് ലിംഗനിർണയ പരിശോധനയ്ക്ക് വിധേയയാക്കിയത്. പരിശോധനയിൽ ശിശു പെൺകുട്ടിയാണെന്ന് കണ്ടെത്തിയതോടെ ഗർഭഛിദ്രം നടത്താൻ യുവതിയെ നിർബന്ധിക്കുകയായിരുന്നു.തുടർന്ന് ശ്യാമഡി ചൗക്കിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ച് വ്യാജ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഗർഭഛിദ്രത്തിന് വിധേയയാക്കുകയായിരുന്നു. തുടർന്ന് യുവതിക്ക് കടുത്ത രക്തസ്രാവമുണ്ടാകുകയും പിന്നാലെ മരിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിന്റെ വീട്ടുക്കാരും മറ്റ് ലാബ് ജീവനക്കാർക്കെതിരെയും അന്വേഷണം നടന്നുവരികയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.





