ഇൻസ്റ്റഗ്രാമിലും വാട്സ്ആപ്പിലും സാധനങ്ങൾ വിൽക്കുന്നവരാണോ? ഇ-കൊമേഴ്സ് ലൈസൻസ് നിർബന്ധം; മലയാളികളും ശ്രദ്ധിക്കണം
മസ്കത്ത്: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ ഉൽപന്നങ്ങൾ വിൽക്കുന്നവരും ഉപഭോക്താക്കളിൽനിന്ന് ഓർഡറുകൾ സ്വീകരിക്കുന്നവരും ഇ-കൊമേഴ്സ് ലൈസൻസ് നേടണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വസ്ത്രങ്ങൾ, അബായകൾ, കളിപ്പാട്ടങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ വിൽക്കുന്നവർക്കും നിയമം ബാധകമാണ്. ലൈസൻസ് നേടിയ ശേഷം ഓൺലൈൻ സ്റ്റോറുകൾ മഅ്റൂഫ് ഒമാൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് ആധികാരികത ഉറപ്പാക്കണം.സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുകയും ഓർഡറുകൾ സ്വീകരിക്കുകയും ചെയ്യുന്നവർ ഇ-കൊമേഴ്സ് ലൈസൻസ് നേടിയിരിക്കണം. എല്ലാ വിഭാഗം ഓൺലൈൻ വ്യാപാരികൾക്കും ഈ നിബന്ധന ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വീട്ടിലിരുന്ന് ചെറിയ രീതിയിൽ ബിസിനസ് നടത്തുന്നവർ, ഇൻസ്റ്റഗ്രാം പേജുകളിലൂടെ വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും വിൽക്കുന്നവർ, വാട്സ്ആപ്പ് വഴി ഓർഡറുകൾ സ്വീകരിക്കുന്നവർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടും. ഓൺലൈൻ വ്യാപാര മേഖലയെ കൂടുതൽ സുതാര്യവും വിശ്വാസയോഗ്യവുമാക്കുന്നതിനും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് നടപടി. ഒമാനിൽ ഇ-കൊമേഴ്സ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം 2023ൽ മന്ത്രി തല തീരുമാനം നമ്പർ 499/2023 പുറപ്പെടുവിച്ചിരുന്നു. ഇ-കൊമേഴ്സ് പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങളും ലൈസൻസിങ് വ്യവസ്ഥകളും ഇതിലുണ്ട്. ഈ ചട്ടപ്രകാരം മന്ത്രാലയത്തിന്റെ ലൈസൻസ് നേടാതെ ഇ-കൊമേഴ്സ് പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. ഉൽപന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്നതും പ്രദർശിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും ഇ-കൊമേഴ്സ് പ്രവർത്തനത്തിന്‍റെ പരിധിയിൽ വരും. ഇത് വീണ്ടും ഓർമപ്പെടുത്തുകയാണ് മന്ത്രാലയം ചെയ്തത്.വ്യക്തികൾക്കും കമ്പനികൾക്കും ലൈസൻസിനായി അപേക്ഷിക്കാം. വ്യക്തിഗത അപേക്ഷകർ 18 വയസ്സ് പൂർത്തിയായ ഒമാൻ പൗരന്മാരായിരിക്കണം. കമ്പനികൾ ഒമാനിലെ വാണിജ്യ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഒമാനിൽ താമസിക്കുന്ന വിദേശികൾ വ്യക്തിഗത ലൈസൻസിന് അർഹരല്ല. കമ്പനി മുഖേനയുള്ള വ്യാപാരത്തിന് ബന്ധപ്പെട്ട വാണിജ്യ, നിക്ഷേപ ചട്ടങ്ങളും പാലിക്കണം. ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം വഴിയാണ് ലൈസൻസിനായി അപേക്ഷിക്കേണ്ടത്. നിലവിലുള്ള വാണിജ്യ രജിസ്ട്രിയിൽ ഇ-കൊമേഴ്സ് പ്രവർത്തനം ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാം. ലൈസൻസ് ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങളിലേക്ക് തെരഞ്ഞെടുക്കാം. കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതുക്കുന്നതിനുള്ള അപേക്ഷയും നൽകണം. ലൈസൻസ് നേടിയ ഓൺലൈൻ സ്റ്റോറുകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ദേശീയ പ്ലാറ്റ്ഫോമാണ് മഅ്റൂഫ് ഒമാൻ. maroof.om എന്ന വെബ്സൈറ്റിലൂടെ വ്യാപാരികൾക്ക് ഓൺലൈൻ സ്റ്റോറുകൾ പരിശോധിച്ചുറപ്പിക്കാം. ലൈസൻസുള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. 2023ലെ ഇ-കൊമേഴ്സ് നിയന്ത്രണ ചട്ടപ്രകാരം നിയമലംഘനങ്ങൾക്ക് വിവിധ ഭരണപരമായ നടപടികൾ സ്വീകരിക്കാൻ മന്ത്രാലയത്തിന് അധികാരമുണ്ട്. മുന്നറിയിപ്പ് നൽകൽ, 500 ഒമാൻ റിയാൽ വരെ പിഴ ചുമത്തൽ എന്നീ നടപടികളും സ്വീകരിക്കാം.ഒമാനിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ പലരും സോഷ്യൽ മീഡിയ വഴി ചെറിയ രീതിയിലുള്ള വ്യാപാരം നടത്തുന്നുണ്ട്. നാട്ടിൽനിന്ന് ഉൽപന്നങ്ങൾ എത്തിച്ച് വിൽക്കുന്നവരും വസ്ത്രങ്ങൾ, ആഭരണങ്ങൾ, പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ ഓൺലൈൻ വഴി വിപണനം ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഒരു പേജ് തുടങ്ങുന്നതോ വാട്സ്ആപ്പ് വഴി ഓർഡറുകൾ സ്വീകരിക്കുന്നതോ മാത്രമല്ല വ്യാപാരത്തിന്‍റെ നിയമപരമായ വശം. ആവശ്യമായ വാണിജ്യ രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ പ്രവർത്തിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് ഇടയാക്കാം. വ്യക്തിഗത ലൈസൻസിന് ഒമാൻ പൗരത്വം നിർബന്ധമാണെന്ന വ്യവസ്ഥ പ്രവാസികൾ ശ്രദ്ധിക്കണം. ഓൺലൈൻ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് പ്രവർത്തനത്തിന് അനുയോജ്യമായ നിയമപരമായ രജിസ്ട്രേഷനും അനുമതിയും ഉറപ്പാക്കണം.





