സുഹൈലിന്റെ കുരുക്കഴിക്കൽ കഠിനമാകും, കാർ അമിതവേഗതയിൽ തന്നെ; നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ അന്വേഷണം ശരിവച്ച് ഇഡിആർ പരിശോധനാഫലം
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ശരിവച്ച് ഇഡിആര്‍ പരിശോധനാഫലം. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് വേഗത 162 കിലോമീറ്ററായിരുന്നുവെന്നും, വാഹനം 500 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 11 സെക്കന്‍ഡ് കൊണ്ടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിഎംഡബ്ല്യൂ അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. വാഹനത്തിന്റെ വേഗത, അപകടസമയത്ത് ബ്രേക്ക് ചെയ്തിരുന്നോ, മറ്റ് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നോ, അന്ന് വാഹനം സഞ്ചരിച്ച ദൂരം തുടങ്ങിയ സമഗ്ര വിവരങ്ങള്‍ ഇഡിആറില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതിലെ വിവരങ്ങള്‍ പൂര്‍ണമായി ശേഖരിക്കുന്നത് വാഹനത്തിന്റെ സ്വകാര്യതയെ ബാധിക്കുന്നതുകൊണ്ട്, ജര്‍മനിയിലെ ബിഎംഡബ്ല്യൂ ഹെഡ്ക്വാട്ടേഴ്സിലെത്തിച്ച് വിദഗ്ധ സഹായത്തോടെ പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു.അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കേസിൽ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മേല്‍ക്കോടതികളെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് കുടുംബം. വാഹനത്തിന്റെ ആര്‍സി ഉടമയായ അമ്മയെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ വാഹനത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.





