ബ്രസീൽ പതാക അഴിപ്പിച്ചെന്ന വാർത്ത വ്യാജം; റിപ്പോർട്ടർ ടിവിക്കും അരുൺ കുമാറിനുമെതിരെ സൈബർ സെല്ലിൽ പരാതി

കോട്ടയം: ആർ.എസ്.എസ് പ്രവർത്തകർ നിർബന്ധിച്ച് ബ്രസീലിന്റെ പതാക അഴിപ്പിച്ചു എന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ മാധ്യമപ്രവർത്തകൻ അരുൺ കുമാറിനും റിപ്പോർട്ടർ ടിവിക്കുമെതിരെ പരാതി. കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിനിയായ ശ്രീപ്രിയ ജി. മാടപ്പള്ളിയാണ് സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുന്നത്.റിപ്പോർട്ടർ ടിവിയും അരുൺ കുമാറും ചേർന്ന് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് ഈ വാർത്ത നൽകിയതെന്ന് പരാതിയിൽ പറയുന്നു. ഇത്തരം വ്യാജപ്രചാരണങ്ങൾ സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും ശ്രീപ്രിയ ആരോപിക്കുന്നു.ഒരു വാർത്ത പൊതുസമൂഹത്തിലേക്ക് നൽകുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥയും കൃത്യതയും ബോധ്യപ്പെടാൻ മാധ്യമ സ്ഥാപനത്തിന് ഉത്തരവാദിത്തമുണ്ട്. തെറ്റായ വാർത്ത നൽകി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന് റിപ്പോർട്ടർ ടിവിയും മാധ്യമപ്രവർത്തകൻ അരുൺ കുമാറും പരസ്യമായി മാപ്പ് പറയണം എന്നിവയാണ് പരാതിയിലെ പ്രധാന ആവശ്യങ്ങൾ.വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തിൽ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് സൈബർ സെല്ലിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button