വിവാഹേതര ബന്ധമെന്ന് സംശയം: കനൗജിൽ ഭാര്യയെ കസേരയിൽ കെട്ടിയിട്ട് ജീവനോടെ തീവെച്ചുകൊന്ന് ഭർത്താവ്

കനൗജ്: ഉത്തർപ്രദേശിലെ കനൗജിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കസേരയിൽ കെട്ടിയിട്ട് ജീവനോടെ തീവെച്ചുകൊന്നു. മുപ്പതുകാരിയായ സോനമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുഖ്ബീർ സിങ്ങിനെ പൊലീസ് പിടികൂടി. സംഭവത്തെക്കുറിച്ച് ചിബ്ബറാമു സർക്കിൾ ഓഫീസർ മായങ്ക് മിശ്ര വിശദീകരിക്കുന്നത് ഇങ്ങനെ… ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് പ്രതിയായ സുഖ്ബീർ സിങ് ജോലി ചെയ്തിരുന്നത്. താൻ അകന്നിരിക്കുമ്പോൾ കനൗജിലെ തന്റെ ഗ്രാമത്തിലുള്ള ഒരാളുമായി ഭാര്യ സോനം ബന്ധം പുലർത്തിയിരുന്നതായി ഇയാൾ സംശയിച്ചിരുന്നു. സംശയം ശക്തമായതോടെ രണ്ട് ദിവസം മുമ്പ് സുഖ്ബീർ സിങ് നാട്ടിലെത്തി. അന്ന് മുതൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നു. ബുധനാഴ്ച രാത്രിയും ഇന്ന് രാവിലെയും ദമ്പതികൾ തമ്മിൽ വലിയ വാക്കേറ്റമുണ്ടായി. ഇന്നലെ പുലർച്ചെ സുഖ്ബീർ സിങ് സോനത്തെ മർദിക്കുകയും തുടർന്ന് കസേരയിൽ ഇരുത്തി നൈലോൺ കയറുപയോഗിച്ച് ബന്ധിക്കുകയും ചെയ്തു. തുടർന്ന് നേരത്തെ വാങ്ങിവെച്ചിരുന്ന ഒരു ലിറ്റർ പെട്രോൾ സോനത്തിന്റെ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശേഷം ഇയാൾ തന്റെ രണ്ട് കുട്ടികളുമായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നതും സോനത്തിന്റെ നിലവിളിയും കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും തീ പടർന്നുപിടിച്ചിരുന്നതിനാൽ ആർക്കും അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കസേരയിൽ കരിഞ്ഞ നിലയിലുള്ള മൃതദേഹവും നൈലോൺ കയറും കണ്ടെത്തി. മുറിയിലാകെ പെട്രോളിന്റെ ഗന്ധമുണ്ടായിരുന്നു. പെട്രോൾ സൂക്ഷിച്ചിരുന്ന കരിഞ്ഞ കുപ്പിയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചയോടെ ഹിസാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. പത്തുവയസ്സിന് താഴെ പ്രായമുള്ള മകനെയും മകളെയും ഭീഷണിപ്പെടുത്തിയാണ് സുഖ്ബീർ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയത്. പ്രണയത്തിലായിരുന്ന സുഖ്ബീറും സോനവും ഏകദേശം പത്തുവർഷം മുമ്പാണ് ഹിസാറിൽ വെച്ച് വിവാഹിതരായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button