ഓട്ടോ നിർത്തൂ എന്ന് നിലവിളിച്ച് നടുറോഡിലൂടെ ഓടി’; സെയ്ഫിന് കുത്തേറ്റ ഭയാനക രാത്രിയെക്കുറിച്ച് കരീന കപൂർ
‘
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ രാത്രിയിലെ നടുക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി ബോളിവുഡ് താരം കരീന കപൂർ. രക്തത്തിൽ കുളിച്ചുകിടന്ന ഭർത്താവിനെ ആശുപത്രിയിലെത്തിക്കാൻ നൈറ്റ് ഡ്രസിൽ നടുറോഡിലൂടെ ഓട്ടോയ്ക്കായി നിലവിളിച്ചോടിയ നിമിഷങ്ങളാണ് കരീന ഓർത്തെടുത്തത്. കരൺ ജോഹർ അവതാരകനായ ‘കോഫി വിത്ത് കരൺ’ പരിപാടിയിലാണ് ഇരുവരും ആ ദുരനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. മുംബൈയിലെ വസതിയിൽ അർധരാത്രിയിലുണ്ടായ ആക്രമണം കുടുംബത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയ സംഭവമായിരുന്നു. വീട്ടിൽ ഡ്രൈവർ ഇല്ലാതിരുന്നതിനാൽ പരിക്കേറ്റ സെയ്ഫിനെ എങ്ങനെ ആശുപത്രിയിലെത്തിക്കുമെന്ന ആശങ്കയിലായിരുന്നു കുടുംബം. ആ സമയത്ത് നൈറ്റ് ഡ്രസ് മാത്രമായിരുന്നു താൻ ധരിച്ചിരുന്നതെന്നും വസ്ത്രം മാറാൻ പോലും സമയം ലഭിച്ചില്ലെന്നും കരീന പറഞ്ഞു.രക്തം വാർന്നുകിടക്കുന്ന സെയ്ഫിനെ കണ്ടതോടെ പരിഭ്രാന്തയായ താൻ ഓട്ടോറിക്ഷയ്ക്കായി റോഡിലേക്ക് ഓടുകയായിരുന്നു. ‘വണ്ടി നിർത്തൂ, നിർത്തൂ’ എന്ന് നിലവിളിച്ചുകൊണ്ടാണ് റോഡിലൂടെ ഓടിയതെന്നും കരീന ഓർത്തെടുത്തു. സിനിമയിലെ ഒരു രംഗം പോലെയായിരുന്നു ആ രാത്രിയിലെ സംഭവങ്ങളെന്നും താരം ഓർത്തെടുത്തു.കരീനയുടെ വസ്ത്രത്തെക്കുറിച്ച് സെയ്ഫും പരിപാടിക്കിടെ തമാശയായി സംസാരിച്ചു. കരീന വളരെ ചെറിയ ടി-ഷർട്ടായിരുന്നു ധരിച്ചിരുന്നതെന്നും ആ സമയത്ത് ആരും ദൃശ്യങ്ങൾ പകർത്താതിരുന്നത് ഭാഗ്യമായെന്നും സെയ്ഫ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ ഒൻപത് വയസ്സുകാരനായ മകൻ തൈമൂറും സഹായിയായ ഹരിയും ചേർന്നാണ് ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലെത്തിച്ചത്. അച്ഛന്റെ ശരീരത്തിൽ രക്തം കണ്ടതോടെ തൈമൂർ ഭയന്നുപോയെന്നും ഇരുവരും പരിപാടിയിൽ വെളിപ്പെടുത്തി.ലിഫ്റ്റിൽവെച്ച് രക്തത്തിൽ കുളിച്ചുകിടക്കുന്ന അച്ഛനെ നോക്കി ‘അബ്ബാ, അങ്ങ് മരിക്കാൻ പോവുകയാണോ?’ എന്ന് തൈമൂർ ചോദിച്ചതായും കരീന ഓർത്തെടുത്തു. ആ നിമിഷം കുടുംബം നേരിട്ട മാനസിക ആഘാതം എത്രത്തോളമായിരുന്നുവെന്ന് ഇരുവരുടെയും വാക്കുകളിൽ വ്യക്തമായിരുന്നു. മകൻ ജെഹിന്റെ മുറിയിലേക്ക് അതിക്രമിച്ചുകയറിയ ആളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സെയ്ഫിന് കുത്തേറ്റത്. കഴുത്തിലും പുറത്തുമായി പത്തോളം കുത്തുകളേറ്റ താരത്തിന്റെ ശരീരത്തിൽ ഒടിഞ്ഞ കത്തിയുടെ ഭാഗവും തറച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കത്തിയുടെ മൂർച്ചക്കുറവാണ് തന്റെ ജീവൻ രക്ഷിച്ചതെന്നാണ് സെയ്ഫിന്റെ വിലയിരുത്തൽ. കത്തിക്ക് കൂടുതൽ മൂർച്ചയുണ്ടായിരുന്നെങ്കിൽ പരിക്കുകൾ ഗുരുതരമാകുകയും ജീവൻ തന്നെ അപകടത്തിലാകുകയും ചെയ്യുമായിരുന്നുവെന്നും താരം പറഞ്ഞു.കത്തിയുടെ ഒരു ഭാഗം നട്ടെല്ലിന് സമീപം തറച്ചിരുന്നതിനാൽ സെയ്ഫിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. നട്ടെല്ലിനേറ്റ പരിക്ക് കാലിന്റെ ചലനശേഷിയെപ്പോലും ബാധിക്കാവുന്ന സാഹചര്യമായിരുന്നുവെന്ന് കരീന വ്യക്തമാക്കി.ആക്രമണത്തെത്തുടർന്ന് സെയ്ഫിനെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആറ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ചികിത്സയ്ക്കുശേഷം താരം അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തി.സംഭവത്തിനുശേഷം മാസങ്ങളോളം ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് കടന്നുപോയതെന്ന് കരീന പറഞ്ഞു. കുടുംബാംഗങ്ങളെല്ലാം മാനസികമായി തകർന്നുപോയെന്നും ആ രാത്രിയുടെ ഓർമകൾ ഇന്നും വേദനയുണ്ടാക്കുന്നതാണെന്നും താരം വെളിപ്പെടുത്തി. സെയ്ഫ് അലി ഖാനെതിരായ ആക്രമണം ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ആ സംഭവത്തിന്റെ പിന്നിലെ ഭയാനകമായ അനുഭവങ്ങൾ ഇരുവരും പങ്കുവെച്ചതോടെ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്.





