ഗസ്സയിൽ ആശുപത്രികളും സ്കൂളുകളും ബോംബിട്ട് തകർത്ത് ഇസ്രായേൽ; 85 മരണം

ഗസ്സ സിറ്റി: ഇസ്രായേലിൽ വ്യാപക ആക്രമണവും കൂട്ടക്കൊലയും തുടർന്ന് ഇസ്രായേൽ. കഴിഞ്ഞ ദിവസം കുടിയൊഴിയാൻ ഉത്തരവിട്ട മേഖലകൾക്ക് പുറമെ, മറ്റിടങ്ങളിലും ആശുപത്രികൾ, വിദ്യാലയങ്ങൾ, വീടുകൾ തുടങ്ങി ജനം തിങ്ങിക്കഴിഞ്ഞ ഇടങ്ങളിലെല്ലാം കനത്ത ബോംബിങ്ങാണ് തിങ്കളാഴ്ച നടത്തിയത്. ഗസ്സ സിറ്റിയിൽ കടൽതീരത്തെ തുറമുഖത്തിനു നേരെ നടന്ന ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 30ൽ ഏറെ പേർക്ക് പരിക്കേറ്റു. മധ്യ ഗസ്സയിൽ അൽഅഖ്സ ആശുപത്രിക്കു നേരെ വ്യാപക ആക്രമണം നടന്നു. രണ്ടിടങ്ങളിലും മുന്നറിയിപ്പില്ലാതെയായിരുന്നു ആക്രമണമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സ സിറ്റിയിൽ അൽവഹ്ദ റോഡിൽ സഞ്ചരിച്ചവർക്കു നേരെയുണ്ടായ ബോംബിങ്ങിൽ ആറുപേർ കൊല്ലപ്പെട്ടു. ഖാൻ യൂനുസിൽ വീടുകൾ വ്യാപകമായി തകർക്കൽ തുടരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം കൂട്ട കുടിയൊഴിപ്പിക്കൽ നടന്ന വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈനിക ടാങ്കുകൾ ആക്രമണം തുടരുകയാണ്. 18 പ്രദേശങ്ങളിൽനിന്നാണ് വീടൊഴിയാൻ സൈന്യം അന്ത്യശാസനം നൽകിയത്. ആയിരങ്ങൾ താമസിച്ചുവന്ന നാല് സ്കൂളുകൾ തിങ്കളാഴ്ച ആക്രമണത്തിനിരയായി. ഖാൻ യൂനുസിൽ ഭക്ഷണകേന്ദ്രത്തിലെത്തിയ 13 പേരും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 50 പേർക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്. ഗസ്സയിൽ തിങ്കളാഴ്ച മാത്രം 85 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 60 പേരും വടക്കൻ ഗസ്സയിലും ഗസ്സ സിറ്റിയിലുമാണ്. ഗസ്സയിൽ 80 ശതമാനത്തിലേറെ പ്രദേശങ്ങളും നിലവിൽ ഇസ്രായേൽ സൈനിക നിയന്ത്രണത്തിലാണ്. അതേസമയം, അഴിമതി കേസിൽ ഈയാഴ്ച നടക്കേണ്ട പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വിചാരണ വീണ്ടും നീട്ടി. നെതന്യാഹു നൽകിയ അപേക്ഷ പരിഗണിച്ചാണ് ജറൂസലം ജില്ല കോടതിയുടെ നടപടി. വിചാരണക്കെതിരെ കഴിഞ്ഞ ആഴ്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്തഭാഷയിൽ രംഗത്തെത്തിയിരുന്നു. ഫലസ്തീൻ ഐക്യദാർഢ്യ സംഘടന നിരോധിക്കാൻ യു.കെലണ്ടൻ: ഭീകര പട്ടികയിൽ പെടുത്തി ഫലസ്തീൻ ഐക്യദാർഢ്യ സംഘടനയെ നിരോധിക്കാൻ നടപടികൾ ആരംഭിച്ച് ബ്രിട്ടീഷ് ലേബർ ഭരണകൂടം. ‘ഫലസ്തീൻ ആക്ഷൻ’ എന്ന സംഘടനക്കാണ് വിലക്കേർപ്പെടുത്തുന്നത്. പാർലമെന്റിന്റെ അനുമതി കാത്തുനിൽക്കുന്ന നടപടി പൂർത്തിയായാൽ ബ്രിട്ടനിൽ ആദ്യമായാകും ഇത്തരം സംഘടന നിരോധിക്കപ്പെടുന്നത്. നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ബ്രിട്ടനിൽ നിരവധി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
