Kerala

റവഡ ഡോക്ടറാകാൻ പഠിച്ചു, കിട്ടിയത് ഐ.പി.എസ്; കൂത്തുപറമ്പു വെടിവെപ്പിൽ സസ്പെഷൻ, പ്രതിചേര്‍ത്ത് കൊലക്കുറ്റം ചുമത്തി

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് കേരള പൊലീസിന്‍റെ തലപ്പത്തേക്ക് വരുന്ന ആദ്യ പൊലീസ് മേധാവിയെന്ന ചരിത്രം ഇനി റവഡക്കൊപ്പം. കേരളത്തിൽ തന്നെ ഒട്ടേറെ വര്‍ഷത്തെ പ്രവർത്തനപരിചയമുള്ള ഉദ്യോഗസ്ഥനാണ് റവഡ എ. ചന്ദ്രശേഖര്‍. ടോട്ടൽ ഫോർ യു തട്ടിപ്പ് അടക്കം സംസ്ഥാനത്തെ നിര്‍ണായകമായ പല കേസുകളിലും അദ്ദേഹത്തിന്‍റെ കൈയൊപ്പുണ്ട്. ഏൽപിക്കുന്ന ചുമതലകളിൽ കൃത്യതയാണ് ഈ ഐ.പി.എസുകാരന്‍റെ മുഖമുദ്ര. മകൻ സിവിൽ സർവിസുകാരനാകണമെന്നായിരുന്നു കർഷകനായ അച്ഛൻ റവഡ വെങ്കിട്ടറാവുവിന്‍റെ ആഗ്രഹം. എന്നാൽ, പഠിച്ചുവളർന്ന ചന്ദ്രശേഖറിന്‍റെ ആഗ്രഹം ഡോക്ടറാകാനായിരുന്നു. എം.ബി.ബി.എസ് കിട്ടാത്തതിനാൽ അഗ്രിക്കൾച്ചറൽ പഠനത്തിലേക്ക് നീങ്ങി. പി.ജി കഴിഞ്ഞപ്പോള്‍ സിവിൽ സർവിസിൽ കൈവെച്ചു. 1991 ബാച്ചിൽ ഐ.പി.എസ് കിട്ടി. തലശ്ശേരി എ.എസ്.പിയായായിരുന്നു തുടക്കം. പക്ഷേ, കൂത്തുപറമ്പു വെടിവെപ്പിനെ തുടർന്ന് സസ്പെഷനിലായി. കേസില്‍ റവഡയെയും പ്രതിചേര്‍ത്ത് കൊലക്കുറ്റം ചുമത്തി. പിന്നീട്, 2012ല്‍ ഹൈകോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കുകയായിരുന്നു. തുടർന്ന്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ പൊലീസ് മേധാവിയായ അദ്ദേഹം കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായും പേരെടുത്തു. ഇടക്ക് യു.എൻ ഡെപ്യൂട്ടേഷനിൽ പോയി. മടങ്ങിയെത്തിയ ശേഷം സംസ്ഥാന ക്രൈം റെക്കോഡ് ബ്യൂറോയുടെ ഐ.ജിയായി. 2008ൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് ഡെപ്യൂട്ടേഷനിൽ പോയി. നക്സൽ ഓപറേഷൻ ഉള്‍പ്പെടെ രാജ്യത്തിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിലെ നിർണായക തസ്തികകളിൽ ജോലി ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button