കാവിക്കൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശം; ബി.ജെ.പി നേതാവിന് പൊലീസ് നോട്ടീസ്

പാലക്കാട്: ദേശീയപതാകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ ബി.ജെ.പി നേതാവ് എൻ. ശിവരാജന് പൊലീസ് നോട്ടീസ്. ഹാജരാകണമെന്ന് കാണിച്ച് തിങ്കളാഴ്ചയാണ് പാലക്കാട് സൗത്ത് പൊലീസ് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ ജൂലൈ ഏഴിന് ഹാജരാകുമെന്ന് ശിവരാജൻ പ്രതികരിച്ചു. ഇന്ത്യൻ ദേശീയ പതാകക്ക് പകരം കാവിക്കൊടി ദേശീയ പതാകയാക്കണമെന്നായിരുന്നു ശിവരാജന്റെ വിവാദപ്രസ്താവന. ഭാരതാംബ വിവാദത്തിൽ പാലക്കാട് കോട്ടമൈതാനത്ത് ബി.ജെ.പി നടത്തിയ പ്രതിഷേധ പരിപാടിയിലെ പുഷ്പാർച്ചനക്ക് ശേഷമായിരുന്നു പ്രസ്താവന. കോൺഗ്രസ് പച്ചപ്പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞിരുന്നു. സി.പി.എം വേണമെങ്കിൽ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെയെന്നും കാവിക്കൊടി ഇന്ത്യൻ പതാകയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ശിവരാജൻ പറഞ്ഞു. ദേശീയ പതാകക്ക് സമാനമായ പതാക രാഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ ആവശ്യപ്പെട്ടിരുന്നു. കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിലാണ് പുഷ്പാർച്ചന നടന്നത്. ബി.ജെ.പി മുൻ ദേശീയ കൗൺസിൽ അംഗവും പാർട്ടി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ കൗൺസിലറുമാണ് ശിവരാജൻ.
