
ഷൊർണൂർ: പ്ലാവിൽനിന്ന് വീഴുന്ന ചക്ക തിന്നാനെത്തുന്ന കാട്ടുപന്നിയെ പിടിക്കാൻ തയാറാക്കിയ വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റ് വയോധികയുടെ ഇടതു കൈക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഇവരുടെ മകനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാണിയംകുളം പനയൂർ അരാമ്പൊറ്റത്ത് രത്നമാലതിക്ക് (69) ഷോക്കേറ്റ് പരിക്കേറ്റ സംഭവത്തിൽ ഇവരുടെ മകൻ പ്രേംകുമാറാണ് (45) അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ടാണ് പ്രേംകുമാർ കമ്പി കെട്ടി കെണിയൊരുക്കിയത്. രാത്രി 10ന് കെ.എസ്.ഇ.ബി ലൈനിൽനിന്ന് കമ്പി ഉപയോഗിച്ച് പ്ലാവിന് താഴെയുള്ള കുറ്റികളിലേക്ക് കണക്ഷൻ നൽകി. ശനിയാഴ്ച രാവിലെ 6.30ന് രത്നമാലതി പ്ലാവിന് താഴെ വീണുകിടക്കുന്ന ചക്കയെടുക്കാൻ ചെന്നപ്പോൾ അവിടെ കെട്ടിയ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽക്കാരാണ് രത്നമാലതിയെ രക്ഷിച്ച് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഷൊർണൂർ സി.ഐ വി. രവികുമാർ, എ.എസ്.ഐമാരായ കെ. അനിൽ കുമാർ, സുനിൽ കുമാർ, സി.പി.ഒമാരായ അജി, അശോകൻ എന്നിവരാണ് കേസന്വേഷിച്ചത്. പ്രേംകുമാർ 2022ൽ ഷൊർണൂർ എസ്.എൻ കോളജിന് സമീപം വെച്ച് മാല പൊട്ടിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
