അങ്ങനെ പോകല്ലേ..! വെള്ളത്തിലേക്ക് പോയ രാജവെമ്പാലയുടെ വാലിൽ വലിച്ച് കരയിലിട്ട് റോഷ്നി; 6 മിനിറ്റിൽ കൂറ്റനെ കൂട്ടിലാക്കി, അഭിനന്ദനപ്രവാഹം

തിരുവനന്തപുരം: ആദ്യമായിട്ടാണ് ഒരു രാജവെമ്പാലയെ പിടിക്കാൻ എത്തുന്നത്. അതിന്‍റെ അങ്കലാപ്പോ പേടിയോ ഒന്നും റോഷ്നിയുടെ മുഖത്തില്ലായിരുന്നു. പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തിൽ നിന്ന് രാജവെമ്പാലയെ പിടികൂടാനാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി എസ് റോഷ്ണി എത്തിയത്. വനം വകുപ്പിൽ ഏകദേശം എട്ട് വർഷത്തോളം നീണ്ട സേവനത്തിനിടെ 800ലധികം വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെ രക്ഷപ്പെടുത്തിയിട്ടുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് ജി എസ് റോഷ്നി.
റോഷ്നിയുടെ ധീരതയുടെ വീഡിയോ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം വൈറലാണ്. വലിയ പ്രശംസക്കൊപ്പം ചെറിയ വിമര്‍ശനങ്ങളും ഇതിനൊപ്പം ഉയരുന്നുണ്ട്. “ബിഗ് സല്യൂട്ട് മാഡം. അവരോടൊപ്പം നിന്ന് ബാഗ് പിടിക്കാനോ സഹായിക്കാനോ ആരെയും കാണുന്നില്ല. എല്ലാവരും ഗാലറിയിലിരുന്ന് അഭിപ്രായം പറയുകയാണ്…” എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.
യുഎൻസിസിഡിയുടെ ജി20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവിന്‍റെ ഡയറക്ടർ മുരളീ തുമ്മാരുകുടിയും ഫോറസ്റ്റ് ഓഫീസറുടെ ശ്രമങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടു. രാജവെമ്പാലയെ രക്ഷിക്കുന്നത് അവരുടെ ആദ്യത്തെ അനുഭവമാണെന്ന് അറിഞ്ഞപ്പോൾ ഉദ്യോഗസ്ഥയോട് കൂടുതൽ ബഹുമാനം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പാമ്പിനെ കൈകാര്യം ചെയ്യുമ്പോൾ അവർ പിടിച്ചിരുന്ന ഉപകരണങ്ങൾ കൈയിൽ നിന്ന് വീഴുന്നത് അവരുടെ പരിചയക്കുറവ് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷ സർപ്പങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ആരും ഇതുവരെ ഉപയോഗിച്ച് കണ്ടിട്ടില്ല. മുട്ടുവരെ എത്തുന്ന ബൂട്ട്, കയ്യുറകൾ ഒക്കെ. ഒറ്റ കൊത്തിന് ആളെ കൊള്ളാൻ കഴിവുള്ള പാമ്പുകളെ ആണ് കൈകാര്യം ചെയ്യുന്നത്. നൂറിലൊന്ന് സെക്കൻഡ് പാളിയാൽ മതി, ജീവൻ പോകും. അതുകൊണ്ട് തന്നെ നമുക്ക് ചെയ്യാവുന്ന പരമാവധി സുരക്ഷാ തയ്യാറെടുപ്പുകൾ എടുക്കണം. മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങൾ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം, പരിശീലനത്തിന്റെ ഭാഗമായി അവ ലഭ്യമാക്കണം, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തന്നെ പരിശീലനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
View this post on Instagram
A post shared by Asianet News (@asianetnews)
പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തിൽ ഇന്നലെ രാവിലെ സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയ നാട്ടുകാരാണ് കടവിലെ പാറയ്ക്ക് മുകളിലായി കിടന്നിരുന്ന രാജവെമ്പാലയെ കണ്ടത്. ഏതാണ്ട് പതിനെട്ടടിയോളം വരുന്ന രാജവെമ്പാലയെ കണ്ട് ഭയന്ന നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് അടുത്ത കാലത്തൊന്നും രാജവെമ്പാലയെ കണ്ടിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ്കുമാർ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ പാമ്പിനെ കൂട്ടിലാക്കുകയായിരുന്നു. തോടിന് കരയിലുണ്ടായിരുന്ന രാജവെമ്പാലയെ ആറ് മിനിറ്റോളമെടുത്താണ് പിടികൂടാനായത്.
