മല കയറാന്‍ കൊതിയുണ്ടോ? തുടക്കക്കാര്‍ക്കായി കേരളത്തിലെ 5 ട്രക്കിങ് സ്പോട്ടുകള്‍
ഇന്‍സ്റ്റഗ്രാം ഫീഡുകളെല്ലാം യാത്രയും സാഹസികതയും കൊണ്ട് നിറയുന്ന കാലമാണിത്. ഇപ്പോള്‍ ട്രക്കിങ് ആണ് ട്രെന്‍ഡ്. മലയാളികള്‍ കൂട്ടത്തോടെ അന്നപൂര്ണയിലേക്കും ഹംതായിലേക്കും നേത്രാവതിയിലേക്കുമൊക്കെ വണ്ടി കയറുമ്പോഴും സോഷ്യല്‍ മീഡിയ റീലുകളില്‍ നിറയാത്ത ചില മനോഹര ട്രക്കിങ് സ്പോട്ടുകള്‍ നമ്മുടെ കുഞ്ഞു കേരളത്തിലുമുണ്ട്. വളരെ ചെറിയ ദൂരം കവര്‍ ചെയ്യുന്ന തുടക്കക്കാര്‍ക്ക് പറ്റിയ ചില ട്രക്കിങ് സ്പോട്ടുകളിവിടെയുണ്ട്. കുന്നുകളും കാട്ടുവഴികളും നിറഞ്ഞ ഈ പാതകള്‍ സഞ്ചാരികളുടെ മനം മയക്കും. അധികം പണച്ചെലവില്ലാതെ കുറച്ചു ദിവസം കൊണ്ട് പോയി വരാനാകുന്ന കേരളത്തിലെ ചില ട്രക്കിങ് സ്പോട്ടുകള്‍ പരിചയപ്പെടാം. ചെമ്പ്ര പീക്ക് വയനാട്ടിലെ മേപ്പാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചെമ്പ്ര കേരളത്തിലെ ശ്രദ്ധേയമായ ട്രക്കിങ് കേന്ദ്രങ്ങളിലൊന്നാണ്. 2100 മീറ്റര്‍ ഉയത്തിലുള്ള ചെമ്പ്ര, ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കൂടിയാണ്. ഏകദേശം 6-8 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. മലമുകളിലേക്കുള്ള വഴിയിലുള്ള ഹൃദയാകൃതിയിലുള്ള തടാകം ഒരു പ്രധാനാകര്‍ഷണമാണ്. പച്ചപ്പുനിറഞ്ഞ മലനിരകളും മഞ്ഞുമൂടിയ കുന്നിന്പാതകളുമാണ് ഇവിടുത്തെ ട്രക്കിനെ മനോഹരമാക്കുന്നത്. മലകയറണമെങ്കിൽ വനംവകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ആനമുടി ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്ത് ഇരവികുളം ദേശീയോദ്യാനത്തിലാണ് ആനമുടി സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകളും പുല്‍മേടുകളും ഷോലവനങ്ങളും ചേര്‍ന്ന ഭൂപ്രകൃതിയാണ് പ്രത്യേകാകര്‍ഷണം. ആനമുടിയുടെ മുകളിലേക്കുള്ള പ്രവേശനം നിയന്ത്രിതമാണ്. വനംവകുപ്പിന്റെ അനുമതിയോടെ ഏകദേശം നാല് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. റാണിപുരം കാസര്‍കോട് ജില്ലയിലെ റാണിപുരം കേരളത്തിന്റെ സ്വന്തം ഊട്ടി എന്നറിയപ്പെടുന്ന മനോഹരമായ മലനിരകളാണ്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 750 മീറ്റര്‍ ഉയരത്തിലുള്ള ഇവിടം പച്ചപ്പു നിറഞ്ഞ പുല്‍മേടുകള്‍ക്കും കോടമഞ്ഞ് മൂടിയ മലനിരകള്‍ക്കും പേരുകേട്ടതാണ്. ഏകദേശം 5 കിലോമീറ്റർ ദൂരമാണുള്ളത്. വനത്തിലൂടെയും പുല്‍മേടുകളിലൂടെയും കടന്നുപോകുന്ന ട്രെക്കിങ് പാത പ്രകൃതിസ്നേഹികള്‍ക്കും തുടക്കക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്. ധോണി പാലക്കാട് ജില്ലയിലെ പ്രശസ്തമായ ധോണി വെള്ളച്ചാട്ടത്തിലേക്കാണ് 8 കിലോമീറ്റർ ദൂരമുള്ള ഈ ട്രക്ക്. ഇടതൂർന്ന വനത്തിലൂടെയും പച്ചപ്പുനിറഞ്ഞ മലഞ്ചെരിവുകളിലൂടെയും കടന്നുപോകുന്ന പാത അവസാനിക്കുന്നത് വെള്ളച്ചാട്ടത്തിലാണ്. രാമക്കൽമേട് ഇടുക്കി ജില്ലയിലാണ് രാമക്കൽമേട് സ്ഥിതി ചെയുന്നത്. 1,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ശക്തമായ കാറ്റിനും വിശാലമായ മലനിരകളുടെ കാഴ്ചകൾക്കും പേരുകേട്ടതാണ്. പുൽമേടുകളും പാറക്കെട്ടുകളും പിന്നിട്ട് മലമുകളിലെത്തുമ്പോൾ തമിഴ്നാട്ടിലെ കമ്പം താഴ്വരയുടെ മനോഹരമായ കാഴ്ചകളും ആസ്വദിക്കാം. കുറവൻ–കുറത്തി പ്രതിമയും കാറ്റാടിപ്പാടങ്ങളുമാണ് പ്രധാന ആകർഷണങ്ങൾ. വലിയ വെല്ലുവിളികളില്ലാതെ പ്രകൃതിയോട് ഇണങ്ങി യാത്ര തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ ഈ ട്രെക്കുകൾ നല്ലൊരു തുടക്കമാകും. കൃത്യമായ തയ്യാറെടുപ്പും ആവശ്യമായ മുൻകൂർ അനുമതികളും ഉറപ്പാക്കി പോകാം.





