അയൽവാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ.
അമ്പലവയൽ: വീട്ടിലേക്ക് അതിക്രമിച്ചു കയറി അയൽവാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി പിടിയിലായി. അമ്പലവയൽ കുമ്പളേരി ചീനിക്കമൂല ഉന്നതിയിലെ ശിവദാസൻ (38) ആണ് അമ്പലവയൽ എസ്.എച്ച്.ഒ. ജെസ്വിൻ ജോയയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കവും അതിനെ തുടർന്നുള്ള മുൻവൈരാഗ്യവുമാണ് ഈ ക്രൂരമായ ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ചീനിക്കമൂല ഉന്നതിയിലെ സുരേഷ് (34)നാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
കഴിഞ്ഞ നവംബർ 8-ന് പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച ഈ സംഭവമുണ്ടായത്. സുരേഷിന്റെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ചു കയറിയ ശിവദാസൻ കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് സുരേഷിനെ വെട്ടുകയായിരുന്നു. ഈ ആക്രമണത്തിൽ സുരേഷിന്റെ കവിളെല്ലിന് ഗുരുതരമായി പൊട്ടലേൽക്കുകയും ശരീരത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതി വീണ്ടും വെട്ടാൻ ശ്രമിച്ചപ്പോൾ സുരേഷ് ഒഴിഞ്ഞുമാറിയതിനാലാണ് വൻ ദുരന്തം ഒഴിവായതും ജീവൻ രക്ഷപ്പെട്ടതും. ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.





