സംസ്ഥാനത്ത് നഴ്സിങ് സർവകലാശാല സ്ഥാപിക്കും; കോഴ്സ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കും’: മുഖ്യമന്ത്രി
‘
തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷത്തിനകം നഴ്സിങ് സർവകലാശാല രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള ഗവ. നഴ്സസ് യൂനിയൻ സംസ്ഥാന സമ്മേളന ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നഴ്സിങ് വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി നഴ്സിങ് കോഴ്സ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കും. സംസ്ഥാനത്തെ ചില ആശുപത്രികൾ വിദേശ കമ്പനികൾ ഏറ്റെടുത്തതോടെ ചികിത്സ ചെലവ് വർധിച്ച സാഹചര്യമുണ്ട്. പലരും വീട് പണയപ്പെടുത്തിയാണ് ചികിത്സ നടത്തുന്നത്. ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിം നിരസിക്കൽ 40 ശതമാനമായിക്കഴിഞ്ഞു. ഇതോടെ സർക്കാർ ആശുപത്രികളിലെ തിരക്ക് വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ തസ്തികകൾ അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. നഴ്സിങ് കോഴ്സിന്റെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുമ്പോൾ സർക്കാർ മേഖലക്ക് മുൻഗണന നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രികളിൽ നഴ്സിങ് വിദ്യാർഥികൾക്കായി മാത്രം ഹോസ്റ്റലുകളും തുടങ്ങും. പുനലൂർ, മാനന്തവാടി ഗവ. ആശുപത്രികളിൽ രണ്ടുമാസത്തിനകം എം.ആർ.ഐ സ്കാനിങ് സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. യൂനിയൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എൻ. ശക്തൻ, എം.ആർ. ബൈജു, മുൻമന്ത്രി വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, മണക്കാട് സുരേഷ്, ചവറ ജയകുമാർ, യൂനിയൻ ജന:സെക്രട്ടറി അനസ് എന്നിവർ സംസാരിച്ചു.





