വീട്ടിൽ പാമ്പ് വരാനുള്ള പ്രധാന കാരണങ്ങൾ ഇതാണ്


വിഷംകൂടിയതും വിഷമില്ലാത്തതുമായ പലയിനം പാമ്പുകൾ ഉണ്ട്. എന്നാൽ ഇഴജന്തുക്കളെ കാണുമ്പോൾ നമുക്ക് വല്ലാത്തൊരു ഭയം തോന്നാറുണ്ട്. അവ ഏത് തരത്തിലാണ് നമ്മെ ആക്രമിക്കുന്നതെന്ന് നമുക്ക് അറിയാൻ സാധിക്കില്ല. വീട്ടിൽ നിരന്തരമായി പാമ്പ് വരാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം, ഇതാവാം കാരണം.
എലി
വീട്ടിൽ എലി ശല്യം ഉണ്ടെങ്കിൽ പാമ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എലിയെ പിടികൂടാനും ഭക്ഷിക്കാനുമാണ് പാമ്പ് സ്ഥിരമായി വീട്ടിൽ വരുന്നത്. പക്ഷികളുടെ മുട്ട, ചെറിയ പക്ഷികൾ, തവള, പല്ലി തുടങ്ങിയ ജീവികളും പാമ്പിനെ ആകർഷിക്കുന്നവയാണ്. ഇത് വീട്ടിലുണ്ടെങ്കിൽ പാമ്പിന്റെ ശല്യം വർധിക്കുന്നു.
വിള്ളലുകൾ
വീടിന് വിള്ളലുകൾ ഉണ്ടെങ്കിൽ അതുവഴി പാമ്പ് അകത്തേയ്ക്ക് കയറാൻ സാധ്യതയുണ്ട്. അതൊരുപക്ഷേ ചെറിയ ഹോൾ ആകാം. എന്നിരുന്നാൽ പോലും പാമ്പിന് എളുപ്പത്തിൽ വീടിനുള്ളിൽ കയറാൻ കഴിയും. അതിനാൽ തന്നെ വീടിനുള്ളിൽ ഹോളുകളും വിള്ളലുകളും ഉടൻ അടയ്ക്കാൻ ശ്രദ്ധിക്കണം.
കരിയില കൂടി കിടന്നാൽ
വീടിന്റെ പരിസരത്ത് കരിയില കൂടി കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനിടയിൽ പാമ്പുകൾക്ക് പതുങ്ങിയിരിക്കാൻ എളുപ്പമാണ്. അതിനാൽ തന്നെ വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ചെടികൾ കാടുപിടിച്ച് കിടക്കുന്നുണ്ടെങ്കിൽ അത് വൃത്തിയാക്കാനും മറക്കരുത്.
വെള്ളം കെട്ടിനിർത്തരുത്
വീടിന് പുറത്ത് വെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. പാമ്പുകൾക്ക് അതിജീവിക്കാൻ വെള്ളം ആവശ്യമാണ്. അതിനാൽ തന്നെ വെള്ളം തെരഞ്ഞ് പാമ്പ് വീട്ടിൽ വരാൻ സാധ്യതയുണ്ട്. കെട്ടികിടക്കുന്ന വെള്ളം കളഞ്ഞ് പരിസരം വൃത്തിയാക്കി സൂക്ഷിക്കാം.
ഈർപ്പമുള്ള സ്ഥലങ്ങൾ
ഈർപ്പമുള്ള സ്ഥലങ്ങളിലാണ് അധികവും ഇഴജന്തുക്കൾ വന്നിരിക്കുന്നത്. വിറക് സൂക്ഷിക്കുന്ന സ്ഥലങ്ങൾ, പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എപ്പോഴും നിരീക്ഷിക്കേണ്ടതുണ്ട്. ഇതിനിടയിൽ ഇഴജന്തുക്കൾ കയറിയിരുന്നാൽ നമ്മൾ അറിയില്ല. അതിനാൽ തന്നെ സാധനങ്ങൾ കൂട്ടിയിടുന്നതും ഒഴിവാക്കാം.