എല്ലാ ജീവജാലങ്ങളോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്നത് പിതാവിന്റെ പാഠം’; രാജീവ് ഗാന്ധി 1990ൽ എഴുതിയ കത്ത് പങ്കുവെച്ച് രാഹുൽ ഗാന്ധി
‘
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധി 1990-ൽ എഴുതിയ കത്ത് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എല്ലാ ജീവജാലങ്ങളോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്ന പിതാവിന്റെ പാഠത്തിന്റെ മികച്ച ഉദാഹരണമാണിതെന്ന് കത്ത് പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി കുറിച്ചു.1990 ഫെബ്രുവരി ഏഴിന് കിഷോർ അജ്വാനിക്ക് രാജീവ് ഗാന്ധി അയച്ച കത്താണ് രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തത്. കിഷോർ അജ്വാനിയുടെ കത്തിന് മറുപടിയായാണ് മുൻ പ്രധാനമന്ത്രി ഈ കത്തെഴുതിയത്.”പ്രിയപ്പെട്ട കിഷോർ അജ്വാനി, താങ്കളുടെ കത്ത് വായിച്ച് എനിക്ക് അയച്ചുതന്നവരിൽ ആരും താങ്കളെ കളിയാക്കിയിട്ടില്ല. ഞാനും വ്യക്തിപരമായി കത്ത് വായിച്ചപ്പോൾ അങ്ങനെ ചെയ്തിട്ടില്ല” – രാജീവ് ഗാന്ധി കത്തിൽ പറയുന്നു.സഹാനുഭൂതിക്കും ആശംസകൾക്കും സമയം കണ്ടെത്താൻ കഴിയാത്തത്ര വിലയേറിയതല്ല ആരുടെയും സമയമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ”മനസിൽ സഹാനുഭൂതിയും സൗഹാർദവും സൂക്ഷിക്കുകയും, അത് എഴുത്തിലൂടെ പ്രകടിപ്പിക്കാൻ ധൈര്യം കാണിക്കുകയും ചെയ്യുന്ന ഒരാളും ഒരു സാഹചര്യത്തിലും അപ്രധാനമായ വ്യക്തിയാകുന്നില്ല” – ആശംസകളോടെ രാജീവ് ഗാന്ധി കത്തിൽ കുറിച്ചു.





