ശുചിമുറിയിലിരുന്ന് കോടതി നടപടികളിൽ പങ്കെടുത്തയാൾക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ഗുജറാത്ത് ഹൈകോടതി

അഹമ്മദാബാദ്: വിഡിയോ കോൺഫറൻസ് വഴി ശുചിമുറിയിലിരുന്ന് കോടതി നടപടികളിൽ പങ്കെടുത്തയാൾക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ഗുജറാത്ത് ഹൈകോടതി. ജസ്റ്റിസ് എ.എസ് സുപേഹിയ, ജസ്റ്റിസ് ആർ.ടി വഛാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പിഴശിക്ഷ വിധിച്ചത്. ജൂൺ 20 ന് ജസ്റ്റിസ് നിർസാർ ദേശായിയുടെ കോടതിയിലെ നടപടിക്രമങ്ങളിൽ ആരോപണ വിധേയനായ വ്യക്തി 74 മിനിറ്റ് നേരം പങ്കുചേർന്നുവെന്നും ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുന്നത് കണ്ടതായും ബെഞ്ച് വ്യക്തമാക്കി. തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരായ സൂറത്ത് സ്വദേശിയോട് അടുത്ത വാദം കേൾക്കലിന് മുമ്പ് കോടതി ഒരു ലക്ഷം രൂപ കെട്ടിവെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിഡിയോ കോൺഫറൻസ് വഴി ഗുജറാത്ത് ഹൈകോടതി നടപടികളിൽ പങ്കെടുത്ത പരാതിക്കാരന്‍റെ വിഡിയോ സോഷ്യൽ മീഡിയ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സൂം മീറ്റിങ്ങിൽ സമദ് ബാറ്ററി എന്ന പേരിൽ ലോഗ് ചെയ്തയാൾ ശുചിമുറിയിലിരുന്നുകൊണ്ടാണ് കോടതി നടപടികളിൽ പങ്കെടുക്കുന്നത്. ബ്ലൂടൂത്ത് സ്പീക്കർ ചെവിയിൽ വെച്ച് ടോയ്‍ലെററിലെത്തുന്ന ഇയാൾ സൗകര്യപ്രദമായ രീതിയിൽ ഫോൺ കാമറ വൈഡ് ആംഗിളിൽ വെച്ചുകൊണ്ടാണ് കോടതി നടപടികളിൽ പങ്കെടുത്തത്. ചെക്ക് മടങ്ങിയ കേസിൽ പരാതിക്കാരനായ സമദ് കേസിനാധാരമായ എഫ്.ഐ.ആർ തള്ളണമെന്ന എതിർകക്ഷിയുടെ അപേക്ഷയിലാണ് കോടതി നടപടികളിൽ പങ്കെടുത്തത്. ജഡ്ജിയും മറ്റ് അഭിഭാഷകരും ഗൗരവമായി കേസിന്‍റെ നടപടികളിലേക്ക് കടക്കവെ ഇയാൾ ഫ്ലഷ് ചെയ്യുന്നതും പിന്നീട് സ്വയം വൃത്തിയാക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം
