മധുര തനിഷ്ക് ജ്വല്ലറി കവർച്ച: 6.4 കിലോ സ്വർണം കണ്ടെടുത്തു; പ്രതിയുടെ കൈയിലെ ടാറ്റു നിർണ്ണായകമായി
മധുര തനിഷ്ക് ജ്വല്ലറിയിൽ നിന്ന് കവർന്ന സ്വർണത്തിന്റെ ഒരു ഭാഗം പോലീസ് കണ്ടെടുത്തു. മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ചുവെച്ച 6.4 കിലോ സ്വർണമാണ് പോലീസ് കണ്ടെടുത്തത്. രണ്ട് സ്ഥലങ്ങളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. നിലവിൽ റിമാൻഡിലാണ് നിഷാന്ത്.ബംഗളൂരുവിൽ നിന്നുള്ള സേലം ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ ധർമ്മപുരിയിൽ വെച്ചാണ് നിഷാന്ത് പിടിയിലായത്. തുടർന്ന് ഇയാളെ ഇന്നലെ രാത്രി മധുരയിൽ എത്തിച്ചിരുന്നു. നിഷാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മധുര വില്ലാച്ചേരിക്ക് സമീപം കുഴിച്ചിട്ടിരുന്ന 6.4 കിലോ സ്വർണമാണ് പോലീസ് കണ്ടെടുത്തത്. ഇനിയും സ്വർണം കണ്ടെത്താനുണ്ടെന്നാണ് സൂചന.സ്വർണം വാങ്ങാനെന്ന പേരിൽ മൂന്ന് തവണ നിഷാന്ത് ജ്വല്ലറിയിൽ എത്തിയപ്പോൾ കൈയിലെ ടാറ്റു രണ്ട് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇത് അന്വേഷണ സംഘത്തിന് നിർണ്ണായകമായെന്നും പോലീസ് അറിയിച്ചു. നിഷാന്തിന്റെ കൈയിൽ ഒരു പക്ഷിയുടെയും കലമാനിന്റെയും ചിത്രങ്ങൾ പച്ചകുത്തിയിരുന്നു. ഇത് പ്രതിയെ തിരിച്ചറിയുന്നതിൽ നിർണ്ണായകമായെന്ന് പോലീസ് വ്യക്തമാക്കുന്നു. ജില്ലാ കോടതിയിൽ ഹാജരാക്കിയ നിഷാന്തിനെ അടുത്ത മാസം 1 വരെ റിമാൻഡ് ചെയ്തു.





