പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

പാലക്കാട്: വാണിയംകുളത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മലപ്പുറം ജില്ലയിലെ വഴിക്കടവ് ടൗണിൽ കണ്ടെത്തി. ഇതോടെ വാഹനം കണ്ടെത്തിയ പ്രദേശവും സമീപ വനമേഖലകളും കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ തുടരുകയാണ്.വാണിയംകുളം ‘കൃഷ്ണകൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് വാണിയംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ വഴിക്കടവ് ടൗൺ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് അന്വേഷണത്തിന് പുതിയ ദിശ ലഭിച്ചത്. വാഹനത്തിൽ നിന്ന് ലഭിച്ച വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.ബാബു ഭാസ്കറും കുടുംബവും വീട്ടിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ബന്ധുക്കളുമായോ അയൽവാസികളുമായോ അസ്വാഭാവികമായ യാതൊരു പെരുമാറ്റവും പ്രകടിപ്പിച്ചിരുന്നില്ല. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് പുറപ്പെട്ടത് എന്നാണ് വിവരം. സംഭവത്തിൽ വഴിക്കടവ് പോലീസിന്റെയും ഷൊർണൂർ പോലീസിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button