ശബരിമലയിൽ വൻ വികസന പദ്ധതിയുമായി സർക്കാർ; തിരുപ്പതി മാതൃകയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കും: മുഖ്യമന്ത്രി
പത്തനംതിട്ട: ശബരിമലയെ തിരുപ്പതി മാതൃകയിൽ ആധുനിക തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വൻ വികസന പദ്ധതിയുമായി സർക്കാർ. ഈ സീസണിലെ തീർത്ഥാടനം പൂർത്തിയായാലുടൻ പദ്ധതിയുടെ നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. അടുത്ത തീർത്ഥാടന സീസണിന് മുമ്പ് പദ്ധതിയുടെ വലിയൊരു ഭാഗം യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.ശബരിമലയിലും തീർത്ഥാടന പാതകളിലും ദീർഘകാലാടിസ്ഥാനത്തിലുള്ള സൗകര്യങ്ങൾ വികസിപ്പിക്കും. തീർത്ഥാടകർക്ക് യാതൊരു പ്രയാസവുമില്ലാതെ ദർശനം നടത്താൻ കഴിയുന്ന വിധത്തിൽ ആധുനികവും പ്രൊഫഷണലുമായ സംവിധാനങ്ങളാണ് ഒരുക്കുക. ഇതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ശബരിമല ദർശനത്തോടൊപ്പം കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ കൂടി സന്ദർശിക്കാൻ തീർത്ഥാടകരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ബന്ധിപ്പിച്ച തീർത്ഥാടന ടൂറിസം പദ്ധതിയും പരിഗണനയിലുണ്ട്. ഇതിലൂടെ സംസ്ഥാനത്തെ തീർത്ഥാടന ടൂറിസം കൂടുതൽ വിപുലപ്പെടുത്തുകയാണ് ലക്ഷ്യം.കൊച്ചി വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്കായി സജ്ജീകരിച്ച പ്രത്യേക ഇടത്താവളം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 3000 ചതുരശ്ര അടി വിസ്തീർണമുള്ള കേന്ദ്രത്തിൽ 80 ശതമാനവും ശീതീകരിച്ച ഹാളാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തുന്ന അയ്യപ്പഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിമാനത്താവളത്തിൽ നിന്നുള്ള കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.





