
എടത്വാ: ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു. ആലപ്പുഴ തലവടിയിൽ ഇല്ലത്തുപറമ്പ് വീട്ടിൽ മോഹൻലാൽ, അനിത ദമ്പതികളുടെ മൂത്തമകൻ ആദിത്യൻ (13) ആണ് മരിച്ചത്…
ഞായർ രാവിലെ അമ്മയോട് മൊബൈൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് പിണങ്ങി മുറിയിൽ കയറി
തൂങ്ങിമരിക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് രാവിലെ പണിക്ക് പോയിരുന്നു. സംഭവം നടക്കുമ്പോൾ അനിതയും ഇളയമകൻ ആദിഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏറെ നേരമായിട്ടും മകനെ കാണാത്തതിനെ തുടർന്ന്
വാതിലിൽ മുട്ടി വിളിച്ചിട്ടും മുറി തുറന്നില്ല. അനിതയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ച് അകത്തു കടന്നപ്പോൾ ആദിത്യൻ ഷാൾ കഴുത്തിൽ കെട്ടി ഫാനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു.
എടത്വാ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്ക്കാരം നടത്തി.മാന്നാർ നായർ സമാജം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യൻ.
