കൊയിലാണ്ടിയിൽ വീട് മാറി ഇഡി റെയ്ഡ്! മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ പുലർച്ചെമുതൽ പരിശോധന
കൊയിലാണ്ടി : ജില്ലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഗുരുതര വീഴ്ച. കൊയിലാണ്ടിയിൽ ആളുമാറി പരിശോധന നടത്തി. മാടാക്കരയിൽ മത്സ്യത്തൊഴിലാളിയുടെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി
ഇന്ന് പുലർച്ചെയാണ് വീട്ടിൽ പരിശോധനയ്ക്കായി ഇഡി ഉദ്യോഗസ്ഥർ എത്തിയത്. വീട്ടുകാർക്ക് പുറത്തിറങ്ങാനോ ജോലി ചെയ്യാനോ കഴിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞാണ് ആളുമാറിയതാണെന്ന് ഉദ്യോഗസ്ഥർക്ക് മനസിലായത്.
വളപ്പിൽ നൗഷാദ് എന്നയാളുടെ വീട്ടിൽ പരിശോധന നടത്താനാണ് ഇഡി വന്നതെന്നും എന്നാലിത് വളപ്പിൽ നൗഷാദിന്റെ വീടല്ലെന്നും നാട്ടുകാർ പ്രതികരിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇഡി പരിശോധന നടക്കുന്നുണ്ട്. പത്തിടങ്ങളിലാണ് നിലവിൽ പരിശോധന. കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെയ്ഡ്. ഹവാല, സ്വർണ കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം. കോഴിക്കോട് ജില്ലയിൽ കുന്ദമംഗലത്തും കൊയിലാണ്ടിയിലും ആണ് ഇ. ഡി പരിശോധന.





