കള്ളാടി മണ്ണിടിച്ചില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മന്ത്രി പി.കെ ബഷീര്‍; ‘മഴ പെയ്യുമ്പോള്‍ പ്രവൃത്തി പാടില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നു’

കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കനിര്‍മാണ മേഖലയിലെ മണ്ണിടിച്ചില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീര്‍. നേരത്തെ മേഖല സന്ദര്‍ശിച്ചപ്പോള്‍ കൂട്ടിയിട്ട മണ്ണ് താഴേക്ക് വന്ന് അപകടമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. മഴ പെയ്യുമ്പോള്‍ പ്രവൃത്തി പാടില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തിയുടെ എല്ലാ മേല്‍നോട്ടവും കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ക്കാണെന്ന് മന്ത്രി പറഞ്ഞു. പ്രവൃത്തിയുടെ കാര്യങ്ങള്‍ എങ്ങനെയാണെന്ന് അറിയാന്‍ വേണ്ടി ജൂണ്‍ 10ന് യോഗം വിളിച്ചിരുന്നു. മേഖല സന്ദര്‍ശിച്ചപ്പോള്‍ മണ്ണ് കൂട്ടിയിട്ടതിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. മഴ പെയ്താല്‍ മണ്ണ് താഴോട്ട് വന്നാല്‍ താഴത്തുള്ള വീട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും എന്തെങ്കിലും ദുരന്തം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയതാണ്. പിഡബ്ല്യുഡി സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും അങ്ങോട്ട് പറഞ്ഞയച്ചു. വയനാട് കലക്ടറും കോഴിക്കോട് കലക്ടറും ഇതിന്റെ അപകടാവസ്ഥ മനസ്സിലാക്കി ആ മണ്ണ് നീക്കം ചെയ്യുകയോ സുരക്ഷിതമാക്കുകയോ വേണമെന്ന് പറഞ്ഞു. മഴ പെയ്യുന്ന സമയത്ത് അവിടെ പ്രവൃത്തി നടത്താനും പാടില്ല എന്ന് നിര്‍ദ്ദേശം കൊടുത്തു -മന്ത്രി പറഞ്ഞു. കമ്പനി പറയുന്നത് അവരുടെ കുറ്റം കൊണ്ടല്ല എന്നാണ്. എന്നാല്‍ അങ്ങനെയല്ല. ആദ്യം മണ്ണെടുത്ത സ്ഥലത്തെ സുരക്ഷ ശരിയായില്ല. അന്വേഷണത്തിന് ഒരു വിദഗ്ധ സമിതിയെ വെക്കുന്നുണ്ട്. ഇത് ഇനിയും ആവര്‍ത്തിക്കാതിരിക്കണം. തുരങ്കപാതക്ക് ക്ലിയറന്‍സ് കൊടുത്തത് കേന്ദ്ര പരിസ്ഥിതി വകുപ്പാണ്. ആ വിഷയങ്ങളൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളല്ല. മുഖ്യമന്ത്രി ഇന്ന് ക്യാബിനറ്റ് കഴിഞ്ഞിട്ട് വയനാട്ടിലേക്ക് പോകുന്നുണ്ട്. കൂട്ടിയിട്ട മണ്ണ് നീക്കാത്തതില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ റിപ്പോര്‍ട്ട്. അത് വിശദമായി പരിശോധിക്കണമെന്നും പി.കെ ബഷീര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button