രണ്ടാഴ്ച, സ്വര്‍ണത്തിന് കുറഞ്ഞത് 15,000 രൂപ; ഇനി എങ്ങോട്ട്? നിലവില്‍ 30 ശതമാനം ഡിസ്കൗണ്ട്
കോഴിക്കോട്: കനത്ത ഇടിവ് നേരിടുന്ന സ്വര്‍ണത്തിന് രണ്ടാഴ്ക്കിടെ കുറഞ്ഞത് 15,000 രൂപ. ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത് മികച്ച അവസരമായി മാറുമ്പോള്‍, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ക്കും വില്ക്കാനിരിക്കുന്നവര്ക്കും നിരാശയുടെ സമയമാണ്. നവംബര്‍ ആറിന് 1,07,080 രൂപയായിരുന്നു പവന് വില. നവംബറിലെ ഏറ്റവും ഉയര്‍ന്ന വിലയുമായിരുന്നു ഇത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കനത്ത ഇടിവുണ്ടായി. രണ്ടാഴ്ച കൊണ്ട് 15,000 രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് പവന് 3760 രൂപ കുറഞ്ഞതോടെ 92,080 രൂപയാണ് നിലവിലെ പവന് വില. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയുമായി. നാല് ദിവസം മുമ്പ്, നവംബര്‍ 16ന് 1,00,320 രൂപയായിരുന്നു വില. 17ന് വില ലക്ഷത്തിന് താഴേക്കിറങ്ങി. നാല് ദിവസം കൊണ്ട് കുറഞ്ഞത് 8240 രൂപയാണ്. ഇന്നലെയും ഇന്നുമായി കുറഞ്ഞതാകട്ടെ 5640 രൂപ. ഇനിയുമെത്രത്തോളം ഇടിയുമെന്നാണ് സ്വര്‍ണം വാങ്ങാനിരിക്കുന്ന പലരും കാത്തിരിക്കുന്നത്. 30 ശതമാനം ഡിസ്കൗണ്ടില്‍ സ്വര്‍ണം സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയില്‍ നിന്ന് 30 ശതമാനത്തോളം കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ജനുവരി 29നാണ് ചരിത്രത്തിലെ ഉയര്‍ന്ന വിലയായ 1,31,160 രൂപയില്‍ സ്വര്‍ണം എത്തിയത്. അന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5,594.82 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെ പിന്നീട് വിലയില്‍ വലിയ തിരുത്തലുണ്ടായി. പിന്നീട് 1.10 ലക്ഷത്തിനും 1.20 ലക്ഷത്തിനും ഇടയില്‍ ചാഞ്ചാടിയ സ്വര്‍ണം സംഘര്‍ഷം വീണ്ടും ശക്തമായ പശ്ചാത്തലത്തില്‍ വലിയ വീഴ്ചയെ നേരിട്ടു. അസംസ്കൃത എണ്ണവിലയിലുണ്ടായ കുതിപ്പാണ് പലപ്പോഴും സ്വര്‍ണവിലയെ ഇടിച്ചത്. ഇപ്പോഴത്തെ വന്‍ ഇടിവിന് പിന്നില്‍ സംഘര്‍ഷത്തിന് അയവുണ്ടായെങ്കിലും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന സൂചനകളും ഡോളര്‍ ശക്തിപ്പെടുന്നതുമാണ് പിന്നീട് സ്വര്‍ണത്തെ കാര്യമായി താഴേക്ക് വലിച്ചത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തേക്കാള്‍ ലാഭമായി കണ്ട് ട്രഷറി ബോണ്ടുകളിലേക്ക് തിരിഞ്ഞു. ഓഹരി വിപണികളിലെ ഇടിവിനെത്തുടര്‍ന്ന് നഷ്ടം നികത്തുന്നതിനുള്ള വില്‍പ്പന സമ്മര്‍ദവും സ്വര്‍ണ്ണവിലയെ ബാധിക്കുന്നുണ്ട്. സാങ്കേതികമായും വിപണി ദുര്‍ബലമായ പ്രവണതയിലാണ്. വെള്ളിയുടെ കാര്യത്തിലാകട്ടെ വ്യാവസായിക ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകള്‍ കൂടി വിലയിടിവിന് ആക്കം കൂട്ടി. ഇനി മുകളിലേക്കോ താഴേക്കോ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കില്‍ കടുത്ത തീരുമാനങ്ങളെടുക്കുമെന്നാണ് സൂചനകള്‍. ഡിസംബറിലെ യോഗത്തില്‍ 0.25 ശതമാനത്തിനു പകരം 0.50 ശതമാനം നിരക്കു വര്‍ധന കൈക്കൊള്ളാനുള്ള സാധ്യതയുണ്ട്. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണ നിക്ഷേപങ്ങള്‍ കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഡോളര്‍ ശക്തിപ്പെടുന്നതും ബോണ്ട് വരുമാനം ഉയരുന്നതും സ്വര്‍ണവിലയ്ക്ക് അധിക സമ്മര്‍ദമാകും. ഇവയെല്ലാം ചേര്‍ന്ന് കുറഞ്ഞ കാലയളവിലേക്ക് സ്വര്‍ണവിലയെ പ്രതികൂലമായി ബാധിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ ഉടനടി ശക്തമായ തിരിച്ചുകയറ്റം ഉറപ്പുപറയാനാകില്ല. എന്നാല്‍ തുടര്‍ച്ചയായ ഇടിവിനുശേഷം കുറഞ്ഞ വിലയിലെ വാങ്ങലുകള്‍ വിപണിയില്‍ താല്‍ക്കാലിക വിലത്താങ്ങിന് വഴിയൊരുക്കാം. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നതും വിപണിയില്‍ ഡിമാന്‍ഡ് സൃഷ്ടിക്കാം. അതായത്, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങള്‍, ആഗോള സംഘര്‍ഷങ്ങള്‍, അസംസ്കൃത എണ്ണവില തുടങ്ങിയ ഘടകങ്ങളാണ് വരുംനാളുകളില്‍ സ്വര്‍ണവില ഉയരുമോ കൂടുതല്‍ താഴുമോ എന്ന് നിര്‍ണയിക്കുക.





