സ്വർണവിലയിൽ വൻ ഇടിവ്; രാജ്യാന്തര വിപണിയിൽ 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ, സംസ്ഥാനത്തും ഇന്ന് വില കൂപ്പുകുത്തുമെന്ന് ഉറപ്പായി
സ്വർണവില രാജ്യാന്തര വിപണിയിൽ കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തി. ഔൺസിന് 205 ഡോളർ ഇടിഞ്ഞ് 3532 ഡോളറിലാണ് ഇപ്പോൾ വ്യാപാരം. ഒറ്റദിവസം വില ഇത്രയും ഇടിയുന്നത് ഏറെക്കാലത്തിനുശേഷം ആദ്യമാണ്. ഇന്ന് കേരളത്തിലും വില കുത്തനെ ഇടിയുമെന്ന് ഉറപ്പായി.
ഇന്നലെ പവൻവില 96,000 രൂപയ്ക്കു താഴെ എത്തിയിരുന്നു. വില വൈകാതെ 90,000 രൂപയ്ക്കു താഴേക്കിടിയാനും സാധ്യതയേറി. 2026 ജനുവരിയിൽ രാജ്യാന്തരവില 5600 ഡോളറിലെത്തി റെക്കോർഡ് ഇട്ടിരുന്നു.
പിന്നീട്, യുഎസ്-ഇറാൻ സംഘർഷത്തിൽ എണ്ണവില കത്തിക്കയറുകയും പണപ്പെരുപ്പവും പലിശനിരക്കും ഭീഷണിയായതും സ്വർണത്തിന് തിരിച്ചടിയായി. ഡോളറും ബോണ്ട് യീൽഡും മുന്നേറിയതാണ് സ്വർണവിലയെ തളർത്തിയത്. യുഎസിൽ പലിശച്ചൂട്; കിതച്ച് സ്വർണം യുഎസിൽ അടിസ്ഥാന പലിശനിരക്ക് വീണ്ടും കൂട്ടാനുള്ള സാഹചര്യം ഒരുങ്ങിയതാണ് സ്വർണവിലയുടെ ഇപ്പോഴത്തെ തകർച്ചയ്ക്കു കാരണം.
ഡിസംബറിലെ യോഗത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടും. ഈ വിലയിരുത്തൽ യുഎസ് ഡോളർ സൂചികയെ 103.8ൽ നിന്ന് 103.94ലേക്ക് ഉയർത്തി. യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡും 5 ശതമാനമെന്ന ശക്തമായനിരക്കിൽ തുടരുകയാണ്. ഇതു സ്വർണ നിക്ഷേപങ്ങളിൽ സൃഷ്ടിക്കുന്ന വിറ്റൊഴിയൽ ട്രെൻഡാണ് വിലത്തകർച്ചയ്ക്കു വഴിവച്ചത്. 1980നുശേഷം ഇത്ര തകർച്ച ആദ്യം ഇന്ത്യയിൽ 2026ൽ സ്വർണവില ഇതുവരെ 25% ഇടിഞ്ഞു. കഴിഞ്ഞ 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയാണിത്. ഇതിനു മുൻപ് 1980ൽ 40% ഇടിവു നേരിട്ടിരുന്നു. 1981ൽ 22 ശതമാനവും. ഓഹരി വിപണികൾ ചോരപ്പുഴ, ജപ്പാനിലും കൊറിയയിലും തകർച്ച പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്ക് റെക്കോർഡ് ഐപിഒയ്ക്കുശേഷം 34% നേട്ടത്തോടെ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തു. 83 ഡോളറായിരുന്നു ഐപിഒ വിലയെങ്കിലും ലിസ്റ്റിങ് 111.5 ഡോളറിലായിരുന്നു. വ്യാപാരം പൂർത്തിയാക്കിയത് 97 ഡോളറിൽ. ലോകത്തെ ഏറ്റവും വലിയ ഐപിഒ എന്ന സ്പേസ്എക്സിന്റെ റെക്കോർഡും ആന്ത്രോപിക് ഭേദിച്ചു. ആന്ത്രോപിക് തരംഗത്തിൽ യുഎസ് ഓഹരി വിപണികൾ ആദ്യം 2% കുതിച്ച് നേട്ടത്തിൽ തുടങ്ങിയെങ്കിലും പിന്നീട് ചോരപ്പുഴയായി. എഐ കമ്പനികളുടെ ‘ഭാവി’ സംബന്ധിച്ച ആശങ്കയും എൻവിഡിയയ്ക്കെതിരെയുള്ള അന്വേഷണങ്ങളുമാണ് വലച്ചത്. ഡൗ ജോൺസ് സൂചിക 2.19% ഇടിഞ്ഞ് 49,097ൽ വ്യാപാരം പൂർത്തിയാക്കി. ഏറെക്കാലത്തിനുശേഷമാണ് ഡൗ 50,000ന് താഴെയാകുന്നത്. എസ് ആൻഡ് പി500 സൂചിക 2.02%, നാസ്ഡാക് 2.25% എന്നിങ്ങനെയും ഇടിഞ്ഞു. ∙ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 0.1%, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.2%. നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.67% എന്നിങ്ങനെ നഷ്ടത്തിലായി. അമേരിക്കയിലെ നഷ്ടക്കാറ്റ് ഏഷ്യൻ വിപണികളെയും ചോരക്കളമാക്കി. ജാപ്പനീസ് നിക്കേയ് 4.43% തകർന്നടിഞ്ഞു. ദക്ഷിണ കൊറിയൻ കോസ്പി 4.31% നിലംപൊത്തി. കോസ്പിയിൽ ടെക് ഭീമന്മാരായ എസ്കെ ഹൈനിക്സ് 6%, സാംസങ് ഇലക്ട്രോണിക്സ് 4% എന്നിങ്ങനെ ഇടിഞ്ഞു. ചൈനയിൽ ഷാങ്ഹായ് സൂചിക 1.66%, ഹോങ്കോങ് 1.71% എന്നിങ്ങനെയും ചുവന്നു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം ചെയ്തത്. തകർച്ചപ്പേടിയിൽ ഇന്ത്യൻ വിപണിയും ഇന്ത്യയിലേക്കും ആഞ്ഞടിക്കുകയാണ് നഷ്ടക്കാറ്റ്. രാവിലെ ഗിഫ്റ്റ് നിഫ്റ്റി 210 പോയിന്റോളം ഇടിഞ്ഞത് സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ തുടങ്ങുമെന്ന സൂചന നൽകുന്നു. പലിശപ്പേടിയും എഐ ആഘാതവുമാണ് വിദേശ വിപണികളെ വീഴ്ത്തിയത്. ഡോളറും ബോണ്ട് യീൽഡും കരുത്തുനേടുന്നതും തിരിച്ചടിയാകുന്നു. ഇത് ഇന്ത്യൻ വിപണിയെയും ഉലയ്ക്കുന്നു. ഇന്ത്യയിലും പണപ്പെരുപ്പം പരിധിവിട്ടതും പലിശനിരക്ക് കൂടാനുള്ള സാധ്യതയും ഓഹരി നിക്ഷേപകരെ സമ്മർദത്തിലാക്കുകയാണ്. ഇറാനിൽ ഇനി എന്ത്? 2027ലേക്ക് തീരുമാനം മാറ്റി ട്രംപ് ഇറാനുമായുള്ള യുദ്ധം തുടരണോ എന്ന് 2027ന്റെ തുടക്കത്തിലേ തീരുമാനിക്കൂ എന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. തനിക്ക് തിടുക്കമൊന്നുമില്ലെന്നും പുതുവർഷത്തിന്റെ തുടക്കത്തിൽ എന്തുസംഭവിക്കുമെന്ന് നോക്കാമെന്നും ട്രംപ് പറഞ്ഞു. ∙ ഹൂതികൾ സൗദി അറേബ്യയ്ക്കു നേരെയുള്ള ആക്രമണം കടുപ്പിച്ചത് ആശങ്കയായി. സൗദിയിലെ പ്രധാന ധനകാര്യ, സാമ്പത്തിക സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്ന റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ഹൂതികൾ മിസൈൽ ആക്രമണം നടത്തി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ഓഫിസുകൾ പ്രവർത്തിക്കുന്ന കൂറ്റൻ ടവറിന്റെ 7-8 നിലകളിൽ മിസൈൽ പതിച്ച് കേടുപാട് പറ്റി. ∙യുദ്ധസമാന സാഹചര്യങ്ങളെ തുടർന്ന് എണ്ണവിലയും ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.52% ഉയർന്ന് 92.46 ഡോളറായി. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 0.52% വർധിച്ച് 82.87 ഡോളറും. ∙ എണ്ണവില വർധനയും ഇന്ത്യൻ, ഏഷ്യൻ ഓഹരി വിപണികളെ ഉലയ്ക്കും. വിദേശ നിക്ഷേപകർ ഇന്നലെയും 7411 കോടി രൂപയ്ക്ക് ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി. ∙ സെൻസെക്സ് ഇന്നലെ 900 പോയിന്റിലധികവും നിഫ്റ്റി 286 പോയിന്റും ഉയർന്നു. രൂപ ഡോളറിനെതിരെ 14 പൈസ മെച്ചപ്പെട്ട് 93.29ലും എത്തി. ∙ ഇന്ത്യൻ വിപണിയെ ആഗോള തകർച്ചാട്രെൻഡിന് വിരുദ്ധമായി നേട്ടത്തിൽ പിടിച്ചുനിർത്തുന്നത് വിദേശ നിക്ഷേപത്തിന്റെ തിരിച്ചുവരവാണ്. ∙ യുപിഐ സേവനങ്ങൾക്ക് വ്യാപാരികളിൽ നിന്ന് ഫീസ് (എംഡിആർ) ഈടാക്കാനുള്ള തീരുമാനം കേന്ദ്രം നീട്ടിയേക്കും. ഉത്തർപ്രദേശിലടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണിത്. കേന്ദ്രനീക്കം പേയ്ടിഎം ഓഹരികളെ ഇന്നലെ 10% ഇടിവിലേക്ക് നയിച്ചു. ∙ സ്വർണവില ഇടിയുന്നത് ജ്വല്ലറി, ഗോൾഡ് ലോൺ ഓഹരികളെയും സമ്മർദത്തിലാക്കി.





