നായ്ക്കളുടെ ഭക്ഷണം എത്തിച്ചില്ല; മലപ്പുറത്തെ കടയുടമക്ക് 19,599 രൂപ നൽകാൻ ഉത്തരവ്
മലപ്പുറം: ഉപഭോക്താവിന് അയച്ച നായ്ക്കളുടെ ഭക്ഷണപ്പൊതി എത്തിക്കാത്തതിനെത്തുടർന്ന് വളർത്തുമൃഗങ്ങളുടെ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടയുടമക്ക് 19,599 രൂപ നഷ്ടപരിഹാരം നൽകാൻ കൊറിയർ കമ്പനിക്ക് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ ഉത്തരവ്. 4,599 രൂപ വിലയുള്ള 20 കിലോ നായ്ക്കളുടെ ഭക്ഷണമാണ് കമ്പനി എത്തിക്കാതിരുന്നത്. സേവനത്തിലെ വീഴ്ചയ്ക്ക് 10,000 രൂപ നഷ്ടപരിഹാരവും നിയമനടപടികളുടെ ചെലവായി 5,000 രൂപയും ഉൾപ്പെടെ സാധനങ്ങളുടെ വിലയായ 4,599 രൂപയും നൽകാനാണ് നിർദേശം. 45 ദിവസത്തിനകം തുക കൈമാറണമെന്നും ഒക്ടോബർ 30ലെ ഉത്തരവിൽ വ്യക്തമാക്കി.മാർച്ച് 16നാണ് മലപ്പുറത്തെ കടയുടമ കൊല്ലത്തുള്ള ഉപഭോക്താവിന് നൽകാനായി 20 കിലോ നായ്ക്കളുടെ ഭക്ഷണം കൊറിയർ വഴി അയച്ചത്. പാഴ്സലിന്റെ വിവരങ്ങൾ അന്വേഷിച്ച് പലതവണ കൊറിയർ കമ്പനിയെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് കടയുടമയുടെ പരാതി. പാഴ്സൽ ഉപഭോക്താവിന് ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ ധാരണ. എന്നാൽ കൊറിയർ കൈമാറി 28 ദിവസം കഴിഞ്ഞിട്ടും സാധനം ലഭിക്കാത്തതിനെത്തുടർന്ന് ഉപഭോക്താവ് നേരിട്ട് കടയിലെത്തി പരാതി അറിയിച്ചു.തുടർന്ന് കൊറിയർ കമ്പനിയെ സമീപിച്ചപ്പോൾ പ്രതിനിധി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതായി കടയുടമ പരാതിയിൽ ആരോപിച്ചു. സാധനം ലഭിക്കാത്തതിനാൽ ഉപഭോക്താവിന് പകരം സാധനങ്ങൾ നൽകേണ്ടിവന്നതായും കടയുടെ സൽപ്പേരിനും വ്യാപാരത്തിനും നഷ്ടമുണ്ടായതായും ഇയാൾ കമീഷനെ അറിയിച്ചു. അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും 50,000 രൂപ നിയമനടപടികളുടെ ചെലവും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.കൊറിയർ കമ്പനിക്ക് നോട്ടിസ് നൽകിയെങ്കിലും കേസ് കോടതിയിൽ എതിർക്കാനോ പരാതിക്ക് മറുപടി നൽകാനോ കമ്പനി തയ്യാറായില്ലെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. പാഴ്സൽ കൈമാറിയതിന് തെളിവുണ്ടായിരുന്നെങ്കിലും അത് ഉപഭോക്താവിന് ലഭിച്ചതായി തെളിയിക്കുന്ന രേഖകളൊന്നും കമ്പനിക്ക് ഹാജരാക്കാനായില്ല. സാധനം എത്തിക്കാതിരുന്നത് സേവനത്തിലെ വീഴ്ചയാണെന്നും ഇതുമൂലം പരാതിക്കാരന് മാനസിക വിഷമവും ബുദ്ധിമുട്ടും ഉണ്ടായെന്നും കമീഷൻ നിരീക്ഷിച്ചു.ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന കടയുടമ ജോലി രാജിവെച്ചശേഷം വളർത്തുമൃഗങ്ങളുടെ കടയിൽനിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും കമീഷൻ പരിഗണിച്ചു. അധ്യക്ഷൻ കെ. മോഹൻദാസനും അംഗങ്ങളായ സി. പ്രീതി ശിവരാമനും സി.വി മുഹമ്മദ് ഇസ്മായിലും അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.





