അനിൽ അംബാനിക്കെതിരായ 3,000 കോടിയുടെ തട്ടിപ്പ് കേസ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം കടുപ്പിച്ച് ഇഡി

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെയുള്ള 3,000 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിസ്വാൾ ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പാർത്ഥ സാരഥി ബിസ്വാളിനെയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിലെ ബിടിപിഎല്ലിന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയ്‌ക്ക് വ്യാജ ബാങ്ക് ഗ്യാരന്റി നൽകിയതിന് ബിടിപിഎല്ലിനും അതിന്റെ ഡയറക്ടർമാർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പാർത്ഥ സാരഥി ബിസ്വാളിനെ കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി ഓഗസ്റ്റ് ആറ് വരെ ഇഡി കസ്റ്റഡിയിൽവിട്ടു. വ്യാജ ബാങ്ക് ഗ്യാരന്റി നൽകുന്നതിനായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ലിമിറ്റഡിൽ നിന്ന് ബിടിപിഎൽ 5.4 കോടി രൂപ കൈപ്പറ്റിയതായി ഇഡി കണ്ടെത്തി.
ബിടിപിഎൽ നിരവധി രഹസ്യ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. നിരവധി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ഏഴ് ബാങ്ക് അക്കൗണ്ടുകളിലായി കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്. ഓഫീസിൽ നിന്ന് അക്കൗണ്ട് ബുക്കുകൾ, ഷെയർഹോൾഡർ രജിസ്റ്ററുകൾ എന്നിവ ഉൾപ്പെടെ വിവിധ രേഖകൾ കാണാനില്ല. ഇതിൽ ദുരൂഹതയുണ്ടെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ദിവസങ്ങളിൽ അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. വിവിധ രേഖകളും മറ്റും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കൂടാതെ ചില ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു.
