ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ സിനിമയില്‍ ഫോണ്‍ നമ്പര്‍, വിദേശത്ത് നിന്ന് പോലും നിരന്തരം വിളി; നിര്‍മ്മാതാവിനും നെറ്റ്ഫ്ലിക്സിനും എതിരെ കേസെടുക്കും
‘
കൊച്ചി: കുഞ്ചാക്കോ ബോബന് നായകനായി കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ സിനിമ നിര്‍മ്മാതാവിനും സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനും എതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. സ്വകാര്യ വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അനുമതി കൂടാതെ സിനിമയില്‍ ഉപയോഗിച്ചതിനെതിരെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാന്‍ നിര്‍ദേശം. നിര്‍മ്മാതാവ് മാര്ട്ടിന് പ്രക്കാട്ട് അടക്കമുള്ളവരെ പ്രതിയാക്കും.എറണാകുളം ചീഫ് ജുഡീഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തതിന് പിന്നാലെ ഫോണിലേക്ക് നിരന്തരം വിളികള്‍ വരുന്നതായാണ് നമ്പറിന്റെ ഉടമയുടെ പരാതി. വിദേശത്ത് നിന്ന് ഉള്‍പ്പെടെ നിരന്തരം കോളുകള്‍ വരികയാണ്. നമ്പര്‍ സിനിമയില്‍ നിന്നും മാറ്റണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടിട്ടും അങ്ങിനെ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതിയില്‍ പോയതും കേസെടുക്കാന്‍ നിര്‍ദേശിച്ചതും. ഐടി നിയമത്തിന്റെ വകുപ്പുകള്‍ വെച്ചാണ് കേസെടുക്കുക. ഇലക്ട്രോണിക്സ് വഴിയുള്ള വഞ്ചനാകുറ്റവും ചുമത്തും.




